Latest NewsGulf

ചതിയിൽപ്പെട്ട് ജയിലിലായ മലയാളി, നവയുഗത്തിന്റെ ഇടപെടലിൽ ശിക്ഷാഇളവ് കിട്ടി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ജീവിതത്തിന് പുതിയൊരു തുടക്കമിടാൻ തയ്യാറെടുക്കുന്നതിനിടയിൽ, വിധിയുടെ ക്രൂരതയിൽ സ്വപ്‌നങ്ങൾ നഷ്ടമായ മലയാളി യുവാവ്, ഒടുവിൽ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ നാട്ടിലേയ്ക്ക് മടങ്ങി.

തൃശ്ശൂർ സ്വദേശി രതീഷിന്റെ കഥ വിചിത്രമാണ്. റിയാദിൽ സ്വന്തമായി ഒരു ബാർബർ ഷോപ്പ് തുടങ്ങാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷം, അതിന്റെ ഉത്‌ഘാടനത്തിന് കോബാർ തുഗ്‌ബയിലുള്ള സ്പോണ്സറെയും, സഹോദരനെയും ക്ഷണിയ്ക്കാനായി വളരെ സന്തോഷത്തോടെ പുറപ്പെട്ടപ്പോൾ, ഭാവിജീവിതത്തെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകൾ ആയിരുന്നു ആ യുവാവിന് ഉണ്ടായിരുന്നത്. എന്നാൽ ബസ്സിലോ മറ്റോ പോകുന്നതിനു പകരം, പൈസ ലഭിയ്ക്കാനായി ഒരു ശ്രീലങ്കക്കാരന്റെ കള്ള-ടാക്സിയിൽ കയറിയതാണ് രതീഷിന് പറ്റിയ അബദ്ധം.

ദമ്മാമിലേക്കുള്ള യാത്രയയ്ക്കിടയിൽ ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ് വാഹനം പരിശോധിച്ചപ്പോൾ, ഡിക്കിയിൽ ശ്രീലങ്കക്കാരൻ ഒളിപ്പിച്ചു വെച്ചിരുന്ന വാറ്റുചാരായം നിറച്ച പ്ലാസ്റ്റിക്ക് ക്യാനുകൾ കണ്ടു പിടിച്ചു. സ്വന്തം തടി രക്ഷിയ്ക്കാനായി, ആ ക്യാനുകളൊക്കെ രതീഷിന്റെയാണെന്നും, താൻ വെറും ഡ്രൈവർ മാത്രമാണെന്നും പറഞ്ഞു, ശ്രീലങ്കക്കാരൻ കുറ്റം മുഴുവൻ രതീഷിന്റെ തലയിൽ അടിച്ചേൽപ്പിച്ചു. പോലീസ് രതീഷിനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. എത്ര ശ്രമിച്ചിട്ടും കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിയ്ക്കാൻ രതീഷിന് കഴിഞ്ഞില്ല. വാദങ്ങൾക്ക് ഒടുവിൽ രതീഷിന് അഞ്ചു വർഷം തടവും, 200 അടിയും കോടതി ശിക്ഷ വിധിച്ചു. അങ്ങനെ രതീഷ് ദമ്മാമിലെ ജയിലിലുമായി.

ശിക്ഷ കാലാവധി മൂന്നു വർഷം കഴിഞ്ഞപ്പോൾ, രതീഷിന്റെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരുന്ന സഹോദരനാണ്, ഈ കേസുമായി നവയുഗം ജീവകാരുണ്യപ്രവർത്തകരായ സക്കീർ ഹുസ്സൈനെയും, പദ്മനാഭൻ മണിക്കുട്ടനെയും സമീപിച്ച് സഹായം അഭ്യർത്ഥിച്ചത്. സക്കീറും മണിക്കുട്ടനും ജയിൽ സന്ദർശിയ്ക്കുകയും, രതീഷിനെക്കണ്ട് കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും ചെയ്തു.

മൂന്നുവർഷമായി രതീഷ്, ജയിലിൽ നല്ല പെരുമാറ്റം കൊണ്ട് സൗദി അധികൃതരുടെ സ്നേഹം നേടിയെടുത്തിരുന്നു. അത് ഉപയോഗിച്ച്, രതീഷിനെ മോചിപ്പിയ്ക്കാനായി സക്കീറും മണിക്കുട്ടനും ശ്രമം തുടങ്ങി. രതീഷിന്റെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് സൗദി അധികൃതർക്ക് അപേക്ഷ നൽകുകയും, ജയിൽ അധികാരികളെയും, മറ്റു ഉദ്യോഗസ്ഥരെയും നിരന്തരമായി കണ്ട് രതീഷിന്റെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താനും നവയുഗം ജീവകാരുണ്യപ്രവർത്തകർക്ക് കഴിഞ്ഞു.

അങ്ങനെ ഏറെ പരിശ്രമങ്ങൾക്ക് ഒടുവിൽ, രതീഷിന്റെ ശിക്ഷാകാലാവധി മൂന്നര വർഷമായി ചുരുക്കി ഉത്തരവ് ഇറങ്ങി. ആ കാലാവധി പൂർത്തിയായിക്കഴിഞ്ഞിരുന്ന രതീഷ് ജയിൽ മോചിതനായി. മണികുട്ടനും സക്കീറും ഇൻഡ്യൻ എംബസ്സി വഴി ഔട്ട്പാസ് എടുത്തു കൊടുത്തു. നിയമ നടപടികൾ പൂർത്തിയാക്കി ഫൈനൽ എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button