Latest NewsNewsSaudi ArabiaGulf

ജോലിയോ, ശമ്പളമോ, വെക്കേഷനോ ഇല്ലാതെ ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക കുഴപ്പത്തിലായതോടെ, ജോലിയോ, ശമ്പളമോ ഇല്ലാതെയും, നാട്ടിൽ പോകാൻ കഴിയാതെയും ദുരിതത്തിലായ അഞ്ചു മലയാളി വനിതകൾ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം ഞാറയ്ക്കൽ സ്വദേശിനി പി.ആർ.രതി, വാഴക്കുളം സ്വദേശിനികളായ ജെ.സരിത , ജി.ഷോളി , കോഴിക്കോട്ട് കരുമല സ്വദേശിനി ടി.ഷീബ, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി എസ്.ഷിജി എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ദമ്മാമിലെ ഒരു മാൻപവർ കമ്പനിയിൽ മൂന്നു വർഷത്തിലധികമായി ജോലി നോക്കുകയായിരുന്നു അഞ്ചു പേരും. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ പുതിയ വർക്ക് കിട്ടാതെ കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ ആയതോടെ ഇവരുടെ കഷ്ടകാലം തുടങ്ങി. കഴിഞ്ഞ മൂന്നു മാസമായി ജോലി ഇല്ലാതെ റൂമിൽ ഇരിക്കേണ്ടി വന്നതോടെ ശമ്പളവും കിട്ടാതെയായി. മൂന്നുവർഷത്തെ ജോലി കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും വെക്കേഷന് വിടാനോ, എക്സിറ്റ് നൽകാനോ കമ്പനി തയ്യാറായതുമില്ല..

തുടർന്ന് ചില സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ച് നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ഫോണിൽ ബന്ധപ്പെട്ട്, തങ്ങളുടെ അവസ്ഥ അറിയിച്ചു, സഹായിയ്ക്കണമെന്നു അവർ അഭ്യർത്ഥിച്ചു. കമ്പനി അധികൃതരുമായി ഷാജി മതിലകം ചർച്ചകൾ നടത്താൻ ശ്രമിച്ചെങ്കിലും അവർ സഹകരിച്ചില്ല. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ സ്ത്രീകളുടെ കേസ് ഏറ്റെടുത്തു. നവയുഗത്തിന്റെ നിർദേശപ്രകാരം അഞ്ചുപേരും കുടിശ്ശികയായ ശമ്പളം, ആനുകൂല്യങ്ങൾ, വിമാനടിക്കറ്റ് എന്നിവ കിട്ടുവാനായി കമ്പനിയ്‌ക്കെതിരെ ഷാജി മതിലകത്തിന്റെ സഹായത്തോടെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു.

കേസ് കോടതിയിൽ എത്തിയതോടെ കമ്പനി ചർച്ചകൾക്ക് തയ്യാറായി മുന്നോട്ടു വന്നു. തുടർന്ന് ഷാജി മതിലകം, നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ എന്നിവർ കമ്പനി അധികൃതരുമായി ഒത്തുതീർപ്പ്ചർച്ചകൾ നടത്തി. ദീർഘമായ ചർച്ചകൾക്ക് ഒടുവിൽ കമ്പനി അഞ്ചുപേരുടെയും കുടിശ്ശികയായ ശമ്പളവും, ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാൻ തയ്യാറായി. ഒത്തുതീർപ്പ് വ്യവസ്ഥകൾ കമ്പനി അംഗീകരിച്ചു, പണവും, എക്സിറ്റ് അടിച്ച പാസ്സ്പോര്ട്ടും, വിമാനടിക്കറ്റും അഞ്ചുപേർക്കും നൽകിയതോടെ, ലേബർ കോടതിയിൽ കൊടുത്ത കേസ് പിൻവലിച്ചു.

നിയമനടപടികൾ പൂർത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞു, അഞ്ചുപേരും നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button