Latest NewsKerala

ലോറി ക്ലീനറുടെ മരണത്തില്‍ ഡ്രൈവര്‍ കസ്‌റ്റഡിയില്‍

പാലക്കാട്‌: ലോറി സമരത്തിനിടെ സര്‍വീസ്‌ നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ നൂറുള്ളയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യമാണു സംശയത്തിനു കാരണം. കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ്‌ എന്ന മുബാറക്‌ ബാഷയാ (29)ണു മരിച്ചത്‌. ലോറി സമരം നടക്കുന്ന തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ കഞ്ചിക്കോടിനു സമീപം പച്ചനിറമുള്ള വാനിലും ബൈക്കുകളിലുമായെത്തിയ പതിനഞ്ചോളം പേര്‍ നടത്തിയ കല്ലേറിലാണ് മുബാറക് ബാഷ മരിച്ചതെന്നായിരുന്നു ഡ്രൈവർ ആദ്യം പറഞ്ഞത്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ മൊഴിമാറ്റമാണ് സംശയത്തിന് ഇടനൽകിയത്. രാത്രി സംഭവസ്‌ഥലമായി കഞ്ചിക്കോട്‌ ചടയന്‍കലായ്‌ കാണിച്ചുകൊടുത്ത ഡ്രൈവര്‍ രാവിലെയായപ്പോഴേക്കും സംഭവസ്‌ഥലം തമിഴ്‌നാട്ടിലാണെന്ന വിധത്തില്‍ മൊഴിമാറ്റി. തുടർന്ന് പോലീസ് ശക്തമായ അന്വേഷണം നടത്തി. എട്ടിമടൈയ്‌ക്കും ചാവടിക്കും ഇടയില്‍വെച്ചാണ്‌ കല്ലേറുണ്ടായതെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അവിടം പരിശോധിച്ചു.

വാളയാര്‍ ചെക്‌പോസ്‌റ്റിനു സമീപത്തെ സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഗുരുതരമായി പരുക്കേറ്റ നിലയില്‍ ലോറിയില്‍ കാണപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു വിട്ടത്‌ അവിടുത്തെ ഉദ്യോഗസ്‌ഥരാണെന്നും വ്യക്‌തമായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഡ്രൈവര്‍ ഇതു സമ്മതിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുബാറക്ക് ബാഷയുടെ നെഞ്ചെല്ല്‌ തകര്‍ത്തു ആഴത്തിലുണ്ടായ മുറിവാണു മരണകാരണമെന്നു കണ്ടെത്തിയിരുന്നു.

കൂലിപ്പണിക്കാരനായിരുന്ന ബാഷ ലോറിയില്‍ ജോലിക്കു കയറിയിട്ട്‌ രണ്ടു ദിവസമേ ആയിട്ടുള്ളൂ. കോയമ്പത്തൂർ സ്വദേശിനിയുമായുള്ള വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു ഇയാൾ. ഇയാളുടെ വിജയ് എന്ന പേര് മാറ്റി മുബാറക്ക് ബാഷ എന്നാക്കിയത് ഏതാനും മാസം മുൻപായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പളനിയാണ് മാതാവ്. കൂടുതലാന്വേഷണം നടക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button