ആലപ്പുഴ: ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതിൽവച്ച് മൂന്നാമത്തെ വലിയ മഴക്കെടുതിയാണ് ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഒരുലക്ഷത്തോളം വീടുകൾക്ക് ഭാഗികമായി ജില്ലയിൽ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ആറുലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതിൽ മൂന്നര ലക്ഷവും കുട്ടനാടാണ്. ഒരു ലക്ഷത്തോളം പേർ ക്യാമ്പുകളെ ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ 450 ഓളം ഗ്രുവൽ സെന്ററുകളും 350 ഓളം ക്യാമ്പുകളും പ്രവർത്തിക്കുന്നു.
Read also: കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം
ജനജീവിതം സാധാരണ നിലയിൽ ആക്കാനുള്ള സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. കഴിഞ്ഞ മന്ത്രിസഭായോഗം മഴക്കെടുതി പ്രത്യേകം ചർച്ച ചെയ്തു. കുട്ടനാടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസംഘം ക്യാമ്പുകളുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചതായും 80 കോടി രൂപ താൽക്കാലികമായി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ ഏറ്റവും മികച്ച ഭക്ഷണം വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് 30 അംഗ നേവി സംഘത്തെ ജില്ലയിലേക്ക് നിയോഗിച്ചു. അവരുടെ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് ബോട്ടുകൾ മെഡിക്കൽ സംഘങ്ങൾക്ക് മരുന്ന് എത്തിക്കുന്നതിനും മെഡിക്കൽക്യാമ്പ് നടത്തുന്നതിനും നൽകും. മഴക്കെടുതിയിൽ മരിച്ചവർക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ പൂർണ്ണമായ പുനർനിർമാണത്തിന് സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ റോഡുമാർഗ്ഗം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ബോട്ടുകൾ ജില്ലാകളക്ടറുടെ സഹായത്തോടെ എത്തിച്ച് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് നിർദ്ദേശിച്ചു. എല്ലാ ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്തും ആവശ്യത്തിന് പാചകവാതകം എത്തിച്ചു കൊടുക്കുന്നതിന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി.
വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുമ്പോൾ കൂടുതൽ പകർച്ചവ്യാധികൾക്കുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തണം. ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡർ ശേഖരിച്ചുവെക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. വളം കടിക്കുള്ള മരുന്ന് ആവശ്യപ്പെടുന്നവർക്ക് എല്ലാം നൽകും. നിലവിൽ ഫ്ലോട്ട് ഡിസ്പെൻസറി കൂടാതെ ബോട്ടുകളിൽ മെഡിക്കൽ സംഘം പോകുന്നുണ്ട്. മെഡിക്കൽ ക്യാമ്പിലും മറ്റും മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായംകൂടി തേടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് കുടുംബശ്രീയും സഹകരണമേഖലയും മുൻകൈയെടുത്ത് സ്റ്റാളുകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശത്ത് കടലിൽ പോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ക്യാമ്പുകളോ ഗ്രുവൽസെന്ററുകളോ തുറന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് മന്ത്രി പറഞ്ഞു
Post Your Comments