കോട്ടയം: കേരളത്തിന്റെ സ്വപ്നപദ്ധതിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരില്‍നിന്നു അപമാനം നേരിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്നെഴുതി പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍. പാലക്കാട് ഐഐടിക്കു വേണ്ടി പ്രവര്‍ത്തിച്ച മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസിലെ മുന്‍ പ്രഫസര്‍ ഡോ. പി രാധാകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതായി മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐഐടിക്കു സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിനായി രണ്ടു മാസത്തോളം പ്രവര്‍ത്തിച്ച തനിക്ക് തുച്ഛമായ പ്രതിഫലം നല്‍കി അപമാനിക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തതെന്ന് പ്രഫസര്‍. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. രണ്ടു മാസം മറ്റു ജോലികള്‍ ഏറ്റെടുക്കാതെ മാറ്റിവച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതിനുള്ള ഫീസും വിമാനടിക്കറ്റുള്‍പ്പെടെയുള്ള ചെലവുകളും അടക്കം പത്തു ലക്ഷം രൂപയാണ് പ്രഫ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയതാകട്ടെ 12,000 രൂപയും.
അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്കു കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഐഐടിക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് വിലയിരുത്താനായി പ്രഫ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴംഗ വിദഗ്ധസമിതിയെ നിയമിച്ചുകൊണ്ട് 2018 ജനുവരി 24-നാണു സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കിയത്.
Post Your Comments