
കാസര്‍കോട്: അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്‍മാന്‍. എല്‍ പി, യു പി അധ്യാപകരായി 6,000 പേര്‍ക്ക് ഈവര്‍ഷം നിയമനം നല്‍കുമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വ്യക്തമാക്കി.
എല്‍ പി എസ് എ, യു പി എസ് എ അധ്യാപക നിയമനത്തിനായി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള ഇന്റര്‍വ്യൂകള്‍ മൂന്ന് മേഖലകളിലായി നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് 18,000 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. 18 പേരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
റാങ്ക് പട്ടിക ഉടന്‍ പുറത്തിറക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയും നിയമങ്ങള്‍ നടത്തുന്നത്. പോലീസ് സേനയ്ക്കുവേണ്ടിയും ആരോഗ്യ മേഖലയ്ക്കുവേണ്ടിയും ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. റാങ്ക് ലിസ്റ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. മറ്റ് റാങ്ക് ലിസ്റ്റുകള്‍ മൂന്ന് വര്‍ഷത്തിനകവും പുറത്തിറക്കും. ചെയര്‍മാനായി ചുമതലയേറ്റശേഷം 83,000 നിയമനങ്ങള്‍ നടത്തിയതായും പി എസ് സി ചെയര്‍മാന്‍ പറഞ്ഞു.
Post Your Comments