
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു. വിതുര ആനപ്പാറയില്‍ ബൈക്ക് യാത്രികനായ യുവാവും വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാല്‍നടയാത്രക്കാരനായ പെട്ടിക്കട വ്യാപാരിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ആനപ്പാറയിൽ അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ ആറ്റിങ്ങല്‍ ചെമ്ബൂര് സ്വദേശി ജ്യോതിയാണ് (23) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഹേഷിനെ ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്മുടി ഭാഗത്തേക്ക് പോയ ഇവരുടെ ബൈക്കില്‍ വിതുരയിലേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ഇരുവരെയും ഉടന്‍ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജ്യോതി മരണപ്പെട്ടിരുന്നു. മഹേഷിന് നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ALSO READ: കൊക്കയിലേക്ക് ബസ് മറിഞ്ഞു പത്ത് മരണം
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു കീഴായിക്കോണത്തെ അപകടം. ഉദിയന്നൂരില്‍ പെട്ടിക്കട നടത്തുന്ന കീഴായിക്കോണം അമ്പലമുക്ക് ആര്.എസ് ഭവനില്‍ രാജേന്ദ്രനാണ് (67) മരിച്ചത്. കടയടച്ച് വീട്ടിലേക്ക് വരികയായിരുന്ന രാജേന്ദ്രനെ റോഡ് മുറിച്ച് കടക്കുമ്ബോള്‍ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
Post Your Comments