ആഗോളമായി വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മൊബൈൽ ഇന്റർനെറ്റ് വിപണികളിൽ ഒന്നായ ഇന്ത്യയിൽ ഭൂരിഭാഗം വരുന്ന ജനവിഭാഗവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഇതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ വരെയുണ്ട്. എന്നാൽ പുതിയ തലമുറയെ അപേക്ഷിച്ച് പ്രായമേറിയവർക്ക് ഇന്റർനെറ്റുമായി പൊരുത്തപ്പെടാൻ കുറച്ച് പ്രയാസമാണ്. വ്യാജ വാർത്തകളുടെയും അഴിമതികളുടെയും കാലത്ത്, നമ്മുടെയൊക്കെ മാതാപിതാക്കൾക്കും രക്ഷകർത്താക്കൾക്കുമൊക്കെ സങ്കീർണതകളെ മനസ്സിലാക്കാൻ പുതിയ തലമുറയുടെ സഹായം കൂടിയേ തീരൂ. ഫോണുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായി ഉപയോഗിക്കാനും മുൻകരുതൽ എടുക്കാനും നിങ്ങൾ പ്രായമായവരെ പഠിപ്പിക്കണം. അങ്ങനെ പഠിപ്പിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്;
1. സ്മാർട്ട്ഫോണുകൾ കളിപ്പാട്ടമല്ല അവ സുരക്ഷിതമായി സൂക്ഷിക്കണം. സ്മാർട്ഫോണുകൾ ഉപയോഗിക്കാൻ രസമുള്ളവയാണെങ്കിലും അത് ഒരാളുടെ സ്വകാര്യസ്വത്തതാണ്. എവിടെയെങ്കിലും നഷ്ടപ്പെടുകയോ മറന്നുവെയ്ക്കുകയോ ചെയ്താൽ അത് മറ്റൊരാളുടെ കയ്യിലെത്താനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതകളേറെയാണ്. അതിനാൽ തന്നെ പാസ്സ്‌വേർഡോ വിരലടയാള ലോക്കോ മറ്റോ ഉപയോഗിച്ച് ഫോൺ രേഖകൾ സുരക്ഷിതമാക്കണം.
2. വ്യാജ ആപ്ലിക്കേഷനുകളെക്കുറിച്ച് ബോധവാന്മാരാക്കുക. ചില വ്യാജ ആപ്പുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമ്മുടെ സ്വകാര്യ രേഖകൾ കൈക്കലാക്കുന്ന ഹാക്കർമാർ ഇൻറർനെറ്റിൽ സജീവമാണ്. അതിനാൽ ഇത്തരം വ്യാജന്മാരെ തിരിച്ചറിയാനായി മുതിർന്നവരെ ബോധവാന്മാരാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
3. ATM അല്ലെങ്കിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ പിൻ ഫോണിൽ സൂക്ഷിക്കുന്നത് വളരെ അപകടകരമാണ്. ചില ആപ്പ്ളിക്കേഷനുകൾ വഴി മറ്റൊരാൾക്ക് വളരെയെളുപ്പത്തിൽ ഇത് സ്വന്തമാക്കാൻ സാധിക്കും.
4. ഫിഷിംഗ് അറ്റാക്കുകളെ കുറിച്ച് ബോധവാന്മാരാക്കുക. ഇമെയിൽ വഴിയുള്ള ഇത്തരം സാമ്പത്തിക ചൂഷണങ്ങളുടെ രീതിയും മാതാപിതാക്കൾക്ക് പറഞ്ഞു കൊടുക്കണം.
5. ഫോൺ വിളികളിലൂടെയുള്ള ‘വിഷിങ്’ തട്ടിപ്പുകളെകുറിച്ച് പറഞ്ഞു കൊടുക്കുക. അപരിചിതനായ വ്യക്തിക്ക് ഫോണിൽ വരുന്ന വൺ ടൈം പാസ്സ്‌വേർഡുകൾ മറ്റും പങ്കുവയ്കുന്നത് പണം നഷ്ടപ്പെടാൻ വരെ കാരണമാകും.
6. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന മിസ്ഡ് കോളുകൾ സൂക്ഷിക്കേണ്ടവയാണ്. തിരിച്ച് വിളിക്കുമ്പോൾ ചിലപ്പോൾ പണം നഷ്ടപ്പെടാൻ വരെ ഇത് കാരണമാകും.
7. ഫേസ്ബുക്കിലൂടെയോ അപരിചിതർക്കോ നിങ്ങളുടെ ആധാർ നമ്പരുകൾ ഷെയർ ചെയ്യാൻ പാടില്ല. ഇത് വല്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
8. ഇന്റർനെറ്റിലൂടെ ലോട്ടറി ലഭിച്ചു എന്ന് പറഞ്ഞു വരുന്ന കോളുകളെ പാടെ അവഗണിക്കുക. ഒരിക്കലും ഓൺലൈനിൽ ലോട്ടറിയടിക്കില്ല എന്ന് മാതാപിതാക്കളെ പറഞ്ഞമനസ്സിലാക്കിക്കുക.
Post Your Comments