Latest NewsIndia

എൻ ഐ എ ക്ക് കൂടുതൽ അധികാരം, യു എ പി എ നിയമത്തിലും ഭേദഗതി ഈ സമ്മേളനത്തില്‍

ന്യൂ‍ഡല്‍ഹി: വിദേശത്ത് ഇന്ത്യക്കാരുടെനേര്‍ക്കും ആസ്തികള്‍ക്കും ഭീകരാക്രമണമുണ്ടായാല്‍ സമാന്തരമായി അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും. ദേശീയ അന്വേഷണ ഏജന്‍സി നിയമം 2008 , നിയവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം 1967 എന്നിവയാണ് ഭേദഗതി ചെയ്യുന്നത്.

അഫ്ഗാനിസ്താനിലെ ജലാലാബാദിലും മസര്‍-ഇ-ഷരീഫിലും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) രീതിയില്‍ ഇത്തരം ഭീകരാക്രമണങ്ങള്‍ എന്‍.ഐ.എ.യ്ക്ക് നേരിട്ടന്വേഷിക്കാന്‍ അധികാരം നല്‍കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരടുബില്ലില്‍ രണ്ടുവര്‍ഷമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. 2008-ല്‍ മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ആറ് അമേരിക്കക്കാര്‍ മരിച്ചതിനെത്തുടര്‍ന്ന് എഫ്.ബി.ഐ. ഇന്ത്യയില്‍ അന്വേഷണത്തിനെത്തിയിരുന്നു.ഇതേരീതിയില്‍ ഉള്ള ഭേദഗതിയാണ് ലക്ഷ്യമിടുന്നത്. ഭീകരപ്രവര്‍ത്തനത്തിന്‌ പിന്തുണ നല്‍കുന്നവരുടെയും മറ്റും ആസ്തികള്‍ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും എന്‍.ഐ.എ. ഡയറക്ടര്‍ജനറലിനു നേരിട്ട് അധികാരം നല്‍കുന്നതാണ് മറ്റൊരു ഭേദഗതി.

നിലവില്‍ ഇതിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി വേണം. യു.എ.പി.എ. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഭീകരബന്ധമുള്ളവരെ ഭീകരനായി സര്‍ക്കാരിനു പ്രഖ്യാപിക്കാം. ഒട്ടേറെപ്പേര്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.ഏതെങ്കിലും ഭീകരസംഘടനയുമായി നേരിട്ടു ബന്ധം പുലര്‍ത്താതെ, സ്വതന്ത്രമായി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ, ഭീകരരായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button