Latest NewsInternational

അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന

ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന.

ബസുമതി ഇതരഅരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധനയ്ക്കായി എത്തുകയും ചെയ്തു. അധികമാരുമറിയാതെ ചൈനീസ് ഉദ്യോഗസ്ഥര്‍ എത്തിയത് അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാനാണെന്നാണു റിപ്പോര്‍ട്ട്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ശ്രമം തുടങ്ങി. ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നില്‍ ഇന്ത്യയും

അമേരിക്ക ഒരു ഭാഗത്തും ചൈനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും മറുഭാഗത്തുമായി നടക്കുന്ന വ്യാപാരയുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകാന്‍ ഇന്ത്യക്കു കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. സഹായത്തിനും സഹകരണത്തിനുമായി ഇരുകൂട്ടരും ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണെന്നതാണ് ശ്രദ്ധേയം. ലോകരാജ്യങ്ങളുമായി പുലര്‍ത്തുന്ന മെച്ചപ്പെട്ട ബന്ധം ഇക്കാര്യത്തില്‍ ഇന്ത്യക്കു ഗുണകരമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍വിദേശസന്ദര്‍ശനങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കു സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും വാണിജ്യ, വ്യാപാര, കയറ്റുമതി മേഖലകളില്‍ ഇതു പ്രയോജനം ചെയ്യുമെന്നുമാണു വിലയിരുത്തല്‍. കഴിഞ്ഞ മാസം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായി വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.

read also : മൂന്നാം സ്ഥാനമുറപ്പിക്കാൻ ഇംഗ്ലണ്ടും ബെൽജിയവും ഇന്നിറങ്ങും

അമേരിക്കയുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സോയാബീന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്കു ഏര്‍പ്പെടുത്തിയിരുന്ന തീരുവ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ചൈനയിലേക്കുള്ള ഏറ്റവും വലിയ ഇറക്കുമതി സോയാബീന്‍സിന്റേതാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കു നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്നതിനുള്ള സോയാബീന്‍ (മൂന്നു ശതമാനം), സോയാമീല്‍ (അഞ്ചു ശതമാനം), സോയാബീന്‍ കേക്ക് (അഞ്ചു ശതമാനം), കടുക് (ഒന്‍പതു ശതമാനം), ഫിഷ്മീല്‍ (രണ്ടു ശതമാനം) എന്നിവയുടെ തീരുവയാണ് എടുത്തുകളയുന്നത്.

ചൈനയില്‍ നിന്നുള്ള വ്യവസായ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണു ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വാണിജ്യയുദ്ധത്തിനു വഴി തുറന്നത്. 3,400 കോടി ഡോളര്‍ മൂല്യമുള്ള യന്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, എല്‍ഇഡി തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ തീരുവ ചുമത്തിയത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ പഴം, പച്ചക്കറി റഫ്രിജറേറ്റര്‍, ബാഗ് തുടങ്ങി 20,000 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കു 10 ശതമാനം തീരുവയും ചുമത്തി.

ചൈന നീതിയുക്തമല്ലാത്ത വ്യാപാരരീതികള്‍ പിന്തുടരുന്നുവെന്നും അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കളും സാങ്കേതികവിദ്യയും മോഷ്ടിക്കുന്നുവെന്നും ആരോപിച്ചാണു ട്രംപിന്റെ നടപടി. ‘മെയ്ഡ് ഇന്‍ ചൈന 2025’ എന്ന പദ്ധതിയിലൂടെ ലോകവ്യാപാരരംഗം കീഴടക്കാനുള്ള ചൈനയുടെ ശ്രമത്തിനു തടയിടുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാണ്ട് 50,000 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങള്‍ യുഎസ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തിരുന്നു. ചൈനയില്‍നിന്നുള്ള കയറ്റുമതിയെക്കാള്‍ 37,500 കോടി ഡോളര്‍ കുറവാണ് യുഎസില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി. ഈ അസന്തുലിതാവസ്ഥയാണു ട്രംപ് ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button