ഭോപ്പാല്‍: ബന്ദിനാടകത്തിന് വിരാമമായി. പ്രണയം തലയ്ക്ക പിടിച്ച യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് രോഹിത് സിങ് എന്ന യുവാവ് ഭോപ്പാലിലെ യുവമോഡലിന്റെ ഫ്ളാറ്റിലെത്തി അവരെ ബന്ദിയാക്കിയത്. തോക്കിന്മുനയില് യുവതിയെ നിര്‍ത്തിയ ശേഷം വിവാഹം ചെയ്തില്ലെന്നും ജീവനെടുക്കുമെന്നുമായിരുന്നു ഭീഷണി.
ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയായ രോഹിത് സിങ്ങാണ് ബിഎസ്എന്‍എല്‍ മുന്‍ ജനറല്‍ മാനേജരുടെ മകളും എംടെക്കുകാരിയുമായ മോഡലിനെ രാവിലെ ഏഴു മണി മുതല്‍ യുവതിയുടെ കിടപ്പുമുറിയില്‍ ബന്ദിയാക്കിയത്. യുവാവ് വാട്സാപ് വിഡിയോ കോളിലൂടെ കാട്ടിയ ദൃശ്യത്തില്‍ കിടക്കയില്‍ കിടക്കുന്ന യുവതി ചോരയൊലിപ്പിച്ച് പരുക്കേറ്റ നിലയിലായിരുന്നു. കത്രിക ഉപയോഗിച്ചാണ് യുവതിയെ പരുക്കേല്‍പ്പിച്ചതെന്ന് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ട എസ്ഐ ജി.എസ്.രാജ്പുത് പറഞ്ഞു.
യുവതിയെ വിവാഹം കഴിക്കാനായില്ലെങ്കില്‍ വധിക്കുമെന്നാണ് പൊലീസിനും മാധ്യമങ്ങള്‍ക്കും നല്കിയ വിഡിയോ കോളില്‍ യുവാവ് പറഞ്ഞത്. യുവാവ് മുദ്രപത്രവും മൊബൈല്‍ ചാര്‍ജറും ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. തന്നെ വിവാഹം കഴിക്കാമെന്നു യുവതി മുദ്രപത്രത്തിൽ ഒപ്പിട്ടതായി ഇയാൾ അവകാശപ്പെടുന്നു. ഭോപ്പാല്‍ നഗരപ്രാന്തത്തിലെ മിസ്റോഡിലെ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ഫ്ളാറ്റിലാണ് യുവതിയെ ബന്ദിയാക്കിയത്. നാടന്‍ തോക്കു കാട്ടി ആയിരുന്നു ഭീഷണി.
വ്യാഴാഴ്ച രാത്രി 11.30 ന് വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ സഹായത്തിലാണ് താന്‍ ഫ്ളാറ്റില്‍ കയറിയതെന്നാണ് യുവാവ് ടിവി ചാനലുകള്‍ക്കു നല്കിയ വിഡിയോ ചാറ്റില്‍ പറഞ്ഞത്. രാവിലെ വിവരമറിഞ്ഞ് മുറിക്കുള്ളില്‍ കടന്നെത്താന്‍ ശ്രമിച്ച ഒരു പൊലീസുകാരനെ യുവാവ് കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു. ചെറിയ രീതിയില്‍ മോഡലിങ് ചെയ്യുന്ന രോഹിത് മുംബൈയിലെ മോഡലിങ് വേളയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നാണ് വിവരം. പുറകെനടന്നു ശല്യമേറിയപ്പോള്‍ ജനുവരിയില്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടു.
ഈ പരാതിയില്‍ ഏപ്രിലില്‍ രോഹിത്തിനെ അറസ്റ്റു ചെയ്ത പൊലീസ് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.കെട്ടിടത്തിനു സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരാണ് രക്ഷാദൗത്യത്തിനെത്തിയത്. എസ്പി രാഹുല്‍ കുമാര്‍ ലോധ പൊലീസ് നടപടികള്‍ ഏകോപിപ്പിച്ചു. കരുതല്‍ നടപടിയായി ഒരു സംഘം ഡോക്ടര്‍മാരെയും സ്ഥലത്തെത്തിച്ചിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments