Kerala

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം; പ്രശ്‌നപരിഹാരത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കാൻ നിർദേശം

എറണാകുളം: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന പ്രശ്‌നപരിഹാര സംവിധാനം ഫലപ്രദമാക്കുന്നതിന് പ്രാദേശിക സമിതികള്‍ രൂപീകരിക്കണമെന്ന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പ്പശാല. അസംഘടിത തൊഴില്‍ മേഖലയിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തുന്നതിന് സേവ യൂണിയന്റെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

Read Also: വിമാനത്തില്‍ വെച്ചുള്ള പരിചയം യുവതിയ്ക്ക് വിനയായി : ഹോട്ടല്‍ മുറിയില്‍ യുവതിയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനം

സംസ്ഥാനത്ത് ഇതു സംബന്ധിച്ച നിയമം നിലവിലുണ്ടെങ്കിലും ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. നിയമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. അതു പ്രകാരം പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് സമിതികളാണുള്ളത്. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനമാണെങ്കില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മറ്റിയിലും പത്തില്‍ താഴെ മാത്രമേ തൊഴിലാളികള്‍ ഉള്ളൂവെങ്കില്‍ പ്രാദേശിക പ്രശ്‌ന പരിഹാര കമ്മറ്റിയിലും അറിയിക്കണം. ഈ മാതൃക പിന്തുടരുന്നുവെന്നതൊഴിച്ചാല്‍ ചട്ടങ്ങള്‍ രൂപീകരിക്കാത്തത് ആശയക്കുഴപ്പത്തിനു കാരണമാകുന്നുണ്ടെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട് ഏറ്റവുമടുത്ത് പരാതിപ്പെടാന്‍ സാഹചര്യമൊരുക്കുന്നതിന് കേരളത്തിന് തനതായ ചട്ടം രൂപീകരിക്കണമെന്ന് ശില്‍പശാല ആവശ്യപ്പെട്ടു. ലൈംഗികാതിക്രമം വീട്ടുജോലിക്കു നില്‍ക്കുന്ന സ്ത്രീകള്‍ക്കാണുണ്ടാകുന്നതെങ്കില്‍ സ്വകാര്യ വ്യക്തിയും മറിച്ച് പൊതുനിരത്തിനു സമീപമോ മാര്‍ക്കറ്റിലോ ആണെങ്കില്‍ സംസ്ഥാന സര്‍ക്കാരുമാണ് കേസിലെ പ്രതിസ്ഥാനത്തുണ്ടാവുക. ഈ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും വ്യക്തത ലഭിക്കണം. അല്ലെങ്കില്‍ കേസിന്റെ പ്രായോഗിക വശം വരുമ്പോള്‍ ഇരകള്‍ക്ക് നീതി ലഭിക്കാതെ വരുമെന്ന് സേവ യൂണിയന്‍ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഓരോ ജില്ലയിലെയും പ്രാദേശിക പ്രശ്‌ന പരിഹാര കമ്മറ്റിയുടെ തലവന്‍ ജില്ലാ കലക്ടറാണ്. അസംഘടിത തൊഴില്‍ മേഖലകളിലുള്ളവരെ സംബന്ധിച്ച് പരാതിപ്പെടാന്‍ കലക്ടറേറ്റിലെത്തുകയെന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ പരാതി സ്വീകരിക്കാന്‍ പ്രാദേശിക തലത്തില്‍ സമിതിയുണ്ടാകണമെന്ന് സോണിയ ജോര്‍ജ് പറഞ്ഞു. പ്രാദേശിക പ്രശ്‌ന പരിഹാര സമിതി ചെയര്‍ പേഴ്‌സണ്‍ ബീന സെബാസ്റ്റ്യന്‍, മെമ്പര്‍ അഡ്വ.സന്ധ്യാ രാജു എന്നിവര്‍ വിഷയാവതരണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button