ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യപ്രശ്നത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേല്‍ അധികാരമുണ്ടായിട്ടും എന്തുകൊണ്ട് ഫലപ്രദമായ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു.
അധികാരമുണ്ടെന്ന് പറയുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തനിക്ക് കീഴിലാണെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഒരു സമയപരിധി വ്യക്തമാക്കാന്‍ സുപ്രീം കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ തീയതി വ്യക്തമാക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.
ഡല്‍ഹിയിലെ ഓഖ്ല, ഭല്‍സ്വ, ഗാസിപൂര്‍ പ്രദേശങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ലെഫ്. ഗവര്‍ണറുടെ ഓഫീസ് സത്യവാങ്മൂലം നല്‍കിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ അധികാരി താനാണെന്ന് നത്യവാങ്മൂലം നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിക്കാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്.
Post Your Comments