കോഴിക്കോട് : മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവര്‍ തങ്ങളുടെ ആളുകള്‍ അല്ലെന്ന വാദവുമായി എസ്ഡിപിഐ. കൊലപാതകത്തില്‍ എസ്ഡിപിഐക്കു പങ്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു. അറസ്റ്റിലായവര്‍ എസ്ഡിപിഐ അംഗങ്ങളല്ല, അനുഭാവികളാകാം. പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങുന്നവരെയും അവരുടെ താല്‍പര്യങ്ങളെയും തുറന്നുകാട്ടാന്‍ 20 മുതല്‍ സമ്പര്‍ക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്താന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ ഉടമ നിസാര്‍ കരുവേലിപ്പടി എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കൊലപാതക സംഘത്തില്‍ 25 പേരുണ്ടായിരുന്നതായാണു വിവരമെന്നും കൂടുതല്‍ പേര്‍ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.
Read Also : പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയല്‍വാസികളാണ് ആലപ്പുഴയില്‍നിന്നു പിടിയിലായവര്‍. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സിഡികള്‍, ലാപ്‌ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാന്‍ മുഹമ്മദ് പിടിയിലാകണം. പ്രതികള്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും തിരച്ചില്‍ നോട്ടിസ് കൈമാറി.
Post Your Comments