ദുബായ് : സ്വര്‍ണ്ണ വ്യാപാര രംഗത്ത് സജീവമാകാൻ അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരുങ്ങുന്നു. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന. വായ്പാ ഇടപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ കഴിഞ്ഞദിവസം വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ മാസം 31നുമുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമികവിവരം സമര്‍പ്പിക്കുമെന്നാണ് ചര്‍ച്ചയിലെ ധാരണ. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ് ജ്വല്ലറികളുടെയും അനുബന്ധ കമ്പനികളുടെയും വിവരങ്ങളും ഈ ചര്‍ച്ചയിൽ വിഷയമായി.
രാമചന്ദ്രനുമായി ചേര്‍ന്ന് അറ്റ്‌ലസ് എന്ന ബ്രാന്‍ഡില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇ.യില്‍നിന്നും ഒട്ടേറെപേര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ അദ്ദേഹം. അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ മലയാളികളും തയ്യാറാണ്. ഇതിനായുള്ള ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്.
Read also:തായ്‌ലൻഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്
2015 നവംബര്‍ 12നായിരുന്നു അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.
”പണമിടപാടുസംബന്ധിച്ച് ഇപ്പോള്‍ ക്രിമിനല്‍ക്കേസുകളൊന്നും നിലവിലില്ല. എന്നാല്‍, ബാങ്കുകളുടെ കുടിശ്ശികയുണ്ട്. ചര്‍ച്ചകളിലൂടെ അവശേഷിക്കുന്നതുകൊടുത്തുതീര്‍ക്കുകതന്നെ ചെയ്യും. അല്ലാതെ ഇവിടെനിന്ന് വിട്ടുപോകാനുള്ള ഉദ്ദേശ്യമില്ല. 1991ല്‍ എട്ടുകിലോ സ്വര്‍ണവുമായി തുടങ്ങിയ ജ്വല്ലറി ബിസിനസ്സ് 2014ല്‍ നാല്‍പ്പതുഷോറൂമുകളായി വളര്‍ന്നിരുന്നു. ആ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്” അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.
Post Your Comments