ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കുട്ടികളെ കാണാൻ അച്ഛനമ്മമാർക്ക് ഒരാഴ്ച കൂടി വേണ്ടിവരും. ഗുഹാജീവിതത്തിനിടെ കുട്ടികളുടെ ഭാരം രണ്ട് കിലോയിലധികം കുറഞ്ഞു. ആദ്യം പുറത്തെത്തിച്ച നാല് കുട്ടികളുടെ ആരോഗ്യനില പൂര്‍ണ്ണമായി ഭേദപ്പെട്ടു. മാനസിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക ചികിത്സയും ഇവര്‍ക്ക് നല്‍കി തുടങ്ങി.
പതിനെട്ട് ദിവസങ്ങള്‍ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ കുട്ടികളുടെ കണ്ണുകള്‍ ഇപ്പോഴും പകല്‍ വെളിച്ചത്തോട് അനുയോജ്യമായിട്ടില്ല. സണ്‍ഗ്ലാസുകള്‍ ധരിച്ച് ആശുപത്രിയില്‍ തുടരുന്ന കുട്ടികളെ കാണാന്‍ അച്ഛനമ്മമാര്‍ക്ക് ഒരാഴ്ച്ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ഡോകടര്‍മാര്‍ പറഞ്ഞു. കുട്ടികള്‍ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാതെ ആയിരുന്നു രക്ഷാപ്രവര്‍ത്തനം.
രക്ഷാപ്രവര്‍ത്തകര്‍ അകത്ത് എത്തുന്നതിന് മുമ്പ് ഗുഹാഭിത്തിയിലെ വെള്ളം കുടിച്ചാണ് കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തിയത്. അദ്ഭുതകരമായി ഇവരെ പുറത്തെത്തിച്ച രക്ഷാസംഘത്തിന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ്. കാലാവസ്ഥയോടും സമയത്തോടും എതിരിട്ടുള്ള രക്ഷാദൗത്യം യാഥാര്‍ത്ഥ്യമായതിന്‍റെ ആവേശത്തിലാണ് തായ് സൈന്യം.
അത്ഭുതം എന്നായിരുന്നു തായലന്‍റ് പത്രങ്ങളിലെ തലക്കെട്ട്. മോസ്ക്കോയിലെ ലുഷിനിക്കോവ് സ്റ്റേഡിയത്തിലെ ഫൈനല്‍ കാണാന്‍ ഫിഫയുടെ അതിഥിളായി കുട്ടികള്‍ എത്തില്ല എന്ന നിരാശയിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഇന്നലെ വരെ ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന താം ലുവാങ് ഗുഹാ സങ്കേതം ഇപ്പോൾ ശാന്തമാണ്.
സിനിമയെ വെല്ലുന്ന രക്ഷാ ദൗത്യം ചിത്രീകരിക്കാന്‍ ഹോളിവുഡ് സംഘം ഉടന്‍ താം ലുവാങ്ങ് ഗുഹയിലേക്ക് എത്തുമെന്നാണ് വിവരം. തായ് നേവിക്ക് പുറമേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ രക്ഷാപ്രവർത്തകരും ഇവിടം വിട്ടു.
Post Your Comments