ArticleLatest News

ബിജെപി അധികാരത്തില്‍ എത്താതിരിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ സജീവമെന്ന് വിലയിരുത്തല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

നരേന്ദ്ര മോദിയെ താഴെയിറക്കാനായി ആഗോളതലത്തില്‍ ചില ശ്രമങ്ങള്‍ നടത്താന്‍ പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍. ബിജെപിക്കെതിരെ ആരുമായും കൂട്ടുകൂടാനും ആരുടെ സഹായവും കൈപ്പറ്റാനുമുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു ഗൂഢപദ്ധതി വെളിച്ചം കണ്ടതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം സൂചിപ്പിക്കുന്നു. പ്രതിപക്ഷത്തെ ചില കക്ഷികള്‍ ഇക്കാര്യത്തില്‍ വേണ്ടതിലധികം ചെയ്യുന്നുണ്ട്; എന്നാല്‍ അതിന് മുന്‍കൈയെടുത്തത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍, മണിശങ്കര്‍ അയ്യരുടെ തുടര്‍ച്ചയായുള്ള പാക് പര്യടനം, ചില കൊടും തീവ്രവാദ സംഘടനകള്‍ക്ക് ഇക്കൂട്ടര്‍ നല്‍കുന്ന സഹായം എന്നിവയൊക്കെ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭരണം പിടിക്കാന്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ പോലും പദ്ധതിയിടുന്നു എന്നതാണത്. ഇക്കൂട്ടര്‍ക്ക് ചില വിദേശ ശക്തികള്‍ സഹായമേകുന്നുണ്ടോ എന്നതും സംശയാസ്പദമാണ്. 

അടുത്തകാലത്തായി സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ മന: പ്പൂര്‍വം ശ്രമിക്കുന്നത് കണ്ടിരുന്നു. യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും അത് കണ്ടതാണ്. ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആ പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു പതിവ്. അതില്‍ ചിലതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് പ്രതിപക്ഷത്തിന്റെ റോള്‍ കണ്ടെത്താന്‍ സഹായിച്ചത്. മഹാരാഷ്ട്രയില്‍ ജനുവരി ഒന്നിന് നടന്ന ഭീമ കൊറെഗോണ്‍ യുദ്ധവാര്ഷികവുമായി ബന്ധപ്പെട്ട കലാപം അതിനൊരു ഉദാഹരണം. ആ പദ്ധതി ആസൂതിര്‍ത്തമായിരുന്നു എന്നും മഹാരാഷ്ട്രയില്‍ മാറാത്ത വോട്ടുകള്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് , എന്‍സിപി എന്നിവചേര്‍ന്ന് ഒരുക്കിയതായിരുന്നു അതെന്നുമൊക്കെ ഇതിനകം വെളിച്ചത്ത് വന്നുകഴിഞ്ഞു. അതിലേറെ പ്രധാനം, ആ കലാപത്തിന് സാമ്പത്തികവും നിയമപരവുമായ സഹായം നല്‍കിയത് കോണ്‍ഗ്രസാണ് എന്നതാണ്. ദളിത് വിഭാഗത്തെയും മാറാത്തകളെയും തമ്മില്‍ അകറ്റുകയായിരുന്നു ഉദ്ദേശം. അവിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നുവല്ലോ.

അതിന്റെ അന്വേഷണം ചെന്നെത്തിയത് കുറെ മാവോയിസ്റ്റുകളിലാണ്. ഡല്‍ഹി- ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ കരങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നു. ജെഎന്‍യുവിലെ ചില പഴയ സഖാക്കള്‍ അടക്കം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ അന്ന് മഹാരാഷ്ട്ര പോലീസ് കണ്ടെത്തിയത് രണ്ടു പ്രധാന കാര്യങ്ങളാണ്, ഒന്ന്, മാവോയിസ്റ്റുകള്‍ ആണ് ആ കലാപത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് എന്നത്. രണ്ട് : രാഹുല്‍ ഗാന്ധിയുടെ അടുത്ത വിശ്വസ്തനും അതേസമയം കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസുകാര്‍ക്കൊപ്പം നിന്ന് ദളിത് രാഷ്ട്രീയം കളിക്കുന്ന, വ്യക്തിക്ക് അതിലുള്ള ബന്ധമാണ്. അയാള്‍ മുഖേനയാണ് കലാപമുണ്ടാക്കിയവര്‍ക്ക് സഹായമെത്തിച്ചത് എന്നത് തെളിയിക്കുന്ന രേഖകള്‍ ഇതിനകം മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഒരു കലാപത്തിന് വേണ്ടി മാത്രമല്ല മറ്റു ചില സംഘര്‍ഷങ്ങളും ആസൂത്രണം ചെയ്തത് അതെ സംഘമാണ്. അതിന് പണം അടക്കമുള്ള സഹായം നല്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്; അതിലെല്ലാം മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതൊക്കെ ഇതിനകം കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ. മഹാരാഷ്ട്ര പോലീസില്‍ നിന്ന് ഇതുസംബന്ധിച്ച കേസുകള്‍ എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന വാര്‍ത്തയാണ്. ഇതും പോലീസ് തിരിച്ചറിഞ്ഞത് മഹാരാഷ്ട്രയിലെ ആ കലാപത്തിന്റെ സൂത്രധാരന്മാരില്‍ നിന്നാണ്. ചില സുപ്രധാന മാവോയിസ്റ്റ് സന്ദേശങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സൂത്രധാരന്മാരിലൊരാള്‍ മലയാളി ആണുതാനും. അത് നിസാരകാര്യമല്ല എന്നതോര്‍ക്കുക. അതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സുരക്ഷാ കവചം ശക്തിപ്പെടുത്തിയത്. അദ്ദേഹത്തോട് റോഡ് ഷോ കള്‍ ഉപേക്ഷിക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടതും നാം കണ്ടുവല്ലോ. മാവോയിസ്റ്റുകള്‍ക്ക് അതിനൊക്കെ പദ്ധതിയിടാം. എന്നാല്‍ അത്തരം വിധ്വംസക ശക്തികള്‍ക്ക് രാജ്യത്തെ ചില രാഷ്ട്രീയ കക്ഷികള്‍ കൂട്ടുനിന്നാലോ. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് കേട്ടുകേള്‍വി ഉള്ളതാണോ ഇത്. ചില ഇസ്ലാമിക കമ്മ്യൂണിസ്റ്റ് വൃത്തങ്ങളിലുമൊക്കെ മാത്രം കേട്ടിട്ടുള്ള തരംതാണ രാഷ്ട്രീയമാണ് ഇന്നിപ്പോള്‍ പ്രതിപക്ഷത്തെ ചിലര്‍ എടുത്ത് നടപ്പാക്കുന്നത് എന്നതല്ലേ ഇതൊക്കെ കാണിക്കുന്നത്.

ഇപ്പോള്‍ കേള്‍ക്കുന്നതും നേരത്തെ സൂചിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതുമായ കാര്യം, കോണ്‍ഗ്രസിലെ ചിലര്‍ നേരിട്ട് മോഡി വിരുദ്ധ കരുനീക്കങ്ങള്‍ക്ക് വിദേശസഹായം തേടി എന്നാണ്. അതൊക്കെ വിശ്വസനീയമാണോ എന്നതറിയില്ല. കോണ്‍ഗ്രസിന്റെയും മറ്റുചില പ്രതിപക്ഷ നേതാക്കളുടെയും വിദേശസന്ദര്ശന വേളയില്‍ നടന്ന ചില കൂടിക്കാഴ്ചകള്‍, മറ്റൊരു നേതാവ് പാക് പട്ടാളമേധാവി അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍, ബീജിങ്ങിന് വേണ്ടി വേണ്ടതിലധികം താല്പര്യം കോണ്‍ഗ്രസുകാരായ ചിലര്‍ കാണിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കപ്പെടേണ്ടുന്ന കാര്യമല്ലേ. പാക് അധീന കാശ്മീരില്‍ കൂടി ചൈനക്ക് വാണിജ്യ ഇടനാഴി നിര്‍മ്മിക്കാന്‍ ഇന്ത്യ വഴങ്ങണമെന്ന് പറയുന്നവരില്‍ ഇന്നിപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരുമുണ്ട് എന്നത് ഗൗരവമുള്ള പ്രശ്‌നമാണല്ലോ. പാക് അധീന കശ്മീര്‍ സംബന്ധിച്ച പ്രഖ്യാപിത ഇന്ത്യന്‍ നിലപാട് ഉപേക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നര്‍ത്ഥം. പറഞ്ഞുവന്നത്, അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ചില പ്രതിപക്ഷ തയ്യാറാവുന്നു എന്നാണ്. ഇന്ത്യയില്‍ മുന്‍പൊരിക്കലും കേട്ടിട്ടില്ലാത്ത കാര്യമാണിത്.

2019- ല്‍ മോഡിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ മാത്രമല്ല വിദേശ ശക്തികളും വിദേശ രാജ്യങ്ങളും പണിപ്പെടുന്നു എന്നുവേണം കരുതാന്‍. വത്തിക്കാന്‍ കാണിക്കുന്ന താല്പര്യം പലവട്ടം രാജ്യം കണ്ടതല്ലേ. ഓരോ ബിഷപ്പുമാര്‍ മാറിമാറി ആശങ്കകള്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയില്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നുപോലും പറയാന്‍ വത്തിക്കാന്‍ സഭ നിയമിച്ചവര്‍ വിളിച്ചുകൂവുന്നു ; അത് ഈ രാജ്യത്തെക്കുറിച്ചു വിദേശത്ത് ഉണ്ടാക്കുന്ന പ്രതീതി എന്താണ് എന്നത് എങ്കിലും അവര്‍ ആലോചിക്കണ്ടേ. ശരിയാണ് അവര്‍ക്കിവിടെ ചില പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍, പഴയപോലെ, നിയമലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അധികാരവൃന്ദം അവര്‍ക്ക് ഓശാനപാടുന്നില്ല. നിയമലംഘനങ്ങള്‍ നടക്കുമ്പോള്‍ നിയമം നിയമത്തിന്റെ വഴിയേ പോകുന്നു. സ്ത്രീകളെയും കന്യാസ്ത്രീകളെയും ബലാല്‍സംഗം ചെയ്തവരെ, അപമാനിച്ചവരെ ജാതിയും മതവും കുപ്പായവും നോക്കിയല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നത്. അതുകൊണ്ടാണ് ബിഷപ്പുമാരും കര്‍ദ്ദിനാള്‍മാരുമൊക്കെ എന്തൊക്കെയാണ് നടക്കുക എണ്ണഭീതിയില്‍ നടക്കുന്നത്. അതൊക്കെ അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളാണ്; അതില്‍ മോദിക്കോ ബിജെപിക്കോ ഒരു റോളുമില്ല. തീര്‍ച്ചയായും ചിലര്‍ക്കൊക്കെ അസഹിഷ്ണുത ഉണ്ടാവും. എന്നാല്‍ അതിന്റെ പേരില്‍ വിദേശത്തുചെന്ന് മോഡി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ് .

വത്തിക്കാന്‍ ലോബി ഇതാണ് ചെയ്യുന്നതെങ്കില്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ കടുത്ത നീക്കത്തിനാണത്രെ തയ്യാറെടുക്കുന്നത്. അത് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാശ്മീരില്‍ ഇന്നതിന്റെ ചിത്രം നാം കാണുന്നുമുണ്ടല്ലോ. വത്തിക്കാന്‍ ലോബിയെപ്പോലെയല്ല ഇക്കൂട്ടര്‍, അവര്‍ ഏതറ്റം വരെയും പോകുമെന്നതാണ് കണ്ടിട്ടുള്ളത്. എസ്ഡിപിഐ – എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, മദനി, ഹുറിയത്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, സിമി തുടങ്ങിയവയൊക്കെ ഒരേ നാണയത്തിന്റെ വിവിധ വശങ്ങളാണ്.ഇതിനെയൊക്കെ രാജ്യം, രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ കാത്തിരിക്കണം കരുതിയിരിക്കണം എന്നതാണ് കാണേണ്ടത്. 2019 ല്‍ പരാജയപ്പെട്ടാല്‍ പിന്നെ നോക്കേണ്ടതില്ല എന്ന് എ കെ ആന്റണിയെപ്പോലുള്ള മുതിര്ന്ന കോണ്‍ഗ്രസ് നേതാവ് അടുത്തിടെ പറഞ്ഞതോര്‍ക്കുക.എത്ര ആശങ്കയിലാണ് ആ നേതാവും പാര്‍ട്ടിയും എന്നതാണ് അത് കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെ ആശങ്കള്‍ നിറഞ്ഞ നാളുകളാണ് ഇന്ത്യയെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളമുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button