അൽഹസ്സ/ കൊല്ലം•വെക്കേഷന് പോയിട്ട്, തിരികെ വരാൻ തയ്യാറെടുക്കവേ, പെട്ടെന്നുണ്ടായ കടുത്ത ഹൃദയാഘാതം മൂലം പ്രവാസി നാട്ടിൽ മരണമടഞ്ഞു.
കൊല്ലം പള്ളിമുക്ക്, പഴയാറ്റിൻകുഴി പി.ടി നഗറിൽ താമസക്കാരനായ മുഹമ്മദ് സുൽത്താനാണ് മരണമടഞ്ഞത്. 52 വയസ്സായിരുന്നു പ്രായം.
നവയുഗം സാംസ്ക്കാരികവേദി അൽഹസ്സയിൽ രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്ന സുൽത്താൻ, നവയുഗം ഹുഫൂഫ് മേഖലയിലെ സുഖൈഖ് യൂണിറ്റ് കമ്മിറ്റി അംഗമാണ്. നവയുഗം സുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദിന്റെ ജ്യേഷ്ഠസഹോദരനുമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം നവയുഗം പ്രവർത്തകരെ ഏറെ ദുഃഖത്തിലാക്കി.
അൽഹസ്സയിൽ പതിനഞ്ചുവർഷത്തിലധികമായി പ്രവാസിയായ സുൽത്താൻ, ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന്, നവയുഗം പ്രവർത്തകരുടെ സഹായത്തോടെ ബൈപാസ് സർജറി നടത്തിയിരുന്നു. തുടർന്ന് നാട്ടിൽ വിശ്രമിച്ചു ആരോഗ്യം വീണ്ടെടുക്കാനായാണ് അദ്ദേഹം വെക്കേഷന് പോയത്. നാട്ടിലെ തുടർചികിത്സയും,വിശ്രമജീവിതവും മൂലം ആരോഗ്യം മെച്ചപ്പെട്ട അദ്ദേഹം, ഇന്നത്തെ ഫ്ലൈറ്റിൽ സൗദിയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടനെത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് വീടിനടുത്തുള്ള പള്ളിയിൽ സംസ്‌ക്കരിച്ചു.
ഷൈനിയാണ് സുൽത്താന്റെ ഭാര്യ. ഇജാസ്, യാസിം, ഷിഫാന എന്നിവർ മക്കളാണ്.
മുഹമ്മദ് സുൽത്താന്റെ വിയോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
Post Your Comments