കണ്ണൂര്‍ : പൊലീസ് സ്റ്റേഷനില്‍ ഡയറിയില്‍ ഒപ്പുവെയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സദ്യ കഴിയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ ആക്കി മാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍. മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജീത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന വേളയില്‍ ജനറല്‍ ഡയറിയില്‍ ഒപ്പുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സദ്യ കഴിക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനാണ് മൂവരും അറസ്റ്റിലായത്.
മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ചിത്രം മുറിച്ചു മാറ്റി സദ്യകഴിക്കുന്ന പഴയൊരു ചിത്രം ഒട്ടിച്ച് ചേര്‍ക്കുകയിരുന്നു. ഡിജിപി ഉള്‍പ്പടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തൊട്ടടുത്ത് തന്നെ നില്‍ക്കുന്ന ചിത്രത്തിലാണ് എഡിറ്റിങ് നടന്നത്. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസായിരുന്നു ഇത്.
Read Also : കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സിന് ഒടുവില്‍ മോചനം
ഡിജിപി, എഡിജിപി, ഐജി, കണ്ണൂര്‍ എസ്പി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കുന്നതായിരുന്നു ചിത്രം. പൊലീസിന്റെ ‘ദാസ്യപ്പണി’ വിവാദം കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ഈ ചിത്രം വൈറലായി. മോര്‍ഫ് ചെയ്തതാണെന്നറിയാതെ ഒട്ടേറെ പേര്‍ ഇതു സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
Post Your Comments