കൊച്ചി: താര സംഘടനായ അമ്മയില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ രണ്ടുപേര്‍ മാത്രമാണ് രാജിക്കത്ത് തന്നത്. ഭാവനയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയത്. യോഗത്തില്‍ വനിത അംഗങ്ങള്‍ മൗനം പാലിച്ചുവെന്നും ലാല്‍ പറയുന്നു. ഒരാള്‍ പോലും പ്രതിഷേധം അറിയിച്ചില്ല. പിന്നീട് പുറത്തുപോയി പറയുന്നത് നല്ലതല്ല. അവര്‍ക്ക് അസോസിയേഷനില്‍ പറയാമായിരുന്നു. രാജിവെച്ചവരെ തിരിച്ചെടുക്കണോയെന്ന കാര്യത്തില്‍ അമ്മ ജനറല്‍ ബോഡി യോഗം തീരുമാനിക്കും. മാധ്യമങ്ങളുമായി നല്ല സൗഹൃദത്തില്‍ പോകാനാണ് താല്‍പര്യം. തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ലാല്‍ പറയുന്നു. വനിതാ കൂട്ടായ്മയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ
അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ദിലീപിനെതിരെ ഒരു പരാതിയും ആരും തന്നിട്ടില്ല. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടില്ല. ഏതെങ്കിലും നടിക്ക് അന്ന് യോഗത്തില്‍ ആവശ്യപ്പെടാമായിരുന്നു. തീരുമാനം അപ്പോള്‍ തന്നെ മാറ്റാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് ഇപ്പോള്‍ അമ്മയുടെ പുറത്തുതന്നെയാണ്. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതി ആക്രമിക്കപ്പെട്ട നടി എഴുതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടീവ് യോഗമായിരുന്നില്ല. ഈ മാസമോ അടുത്ത മാസമോ എക്സിക്യൂട്ടീവ് യോഗം ഉണ്ടാകും. ചില ആവശ്യങ്ങള്‍ ഉന്നയിച്ച് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ അടുത്ത എക്സിക്യൂട്ടീവ് കൂടിയ ശേഷം തീരുമാനത്തിലെത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments