സോച്ചി: റഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു. ക്രൊയേഷ്യയോട് പൊരുതിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ക്രൊയേഷ്യ റഷ്യയെ പരാജയപ്പെടുത്തി. 1998ന് ശേഷമാണ് ക്രൊയേഷ്യ ഫുട്ബോള്‍ ലോകകപ്പ് സെമിയില്‍ എത്തുന്നത്.
തുടക്കം മുതലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മിന്നും പ്രകടനമാണ് റഷ്യ പുറത്തെടുത്തത്. മത്സരം ആരംഭിച്ചതോടെ ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് റഷ്യ തുടരെ ആക്രമണം നടത്തി. എന്നാല്‍ ക്രൊയേഷ്യ താളം കണ്ടെത്തിയതോടെ റഷ്യന്‍ പട പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. 31-ാം മിനിറ്റില്‍ റഷ്യ ആദ്യഗോള്‍ നേടി മുന്നിലെത്തി. ചെറിഷേവാണ് ഗോള്‍ നേടിയത്. എന്നാല്‍ ഈ ലീഡ് അധികം നീണ്ട് നിന്നില്ല. 39-ാം മിനിറ്റില്‍ ക്രൊയേഷ്യ സമനില നേടി. ഹെഡറിലൂടെ ക്രമറിച്ചാണ് സമനില ഗോള്‍ നേടിയത്.
ആദ്യ പകുതി സമനിലയില്‍ അവസാനിച്ചതോടെ രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചു. എന്നാല്‍ ഗോള്‍ അകന്ന് നിന്നു. എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യന്‍ ഡിഫണ്ടര്‍ വിദ ലീഡ് നേടി. വിജയം ഉറപ്പിച്ച ക്രൊയേഷ്യയുടെ ആഹ്ലാദം അധികം നീണ്ടില്ല. മാരിയോ ഫെര്‍ണാണ്ടസ് റഷ്യയ്ക്കായി സമനില ഗോള്‍ നേടി. സ്കോര്‍2-2 ആയതോടെ പിന്നീട് ഗോള്‍ നേടാന്‍ ഇരുടീമിനും സാധിച്ചില്ല. ഒടുവില്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
Post Your Comments