ലണ്ടന്‍: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ ജീവനക്കാരി നവജാത ശിശുക്കളെ വില്‍ക്കുന്നതായി ആരോപണം.ഇതുമായി ബന്ധപ്പെട്ട് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ 14 ദിവസം പ്രായമുള്ള കുഞ്ഞിനെ പണം വാങ്ങി വിറ്റതായാണ് ആരോപണം. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്.
അതേസമയം മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ നിന്ന് ഇതിനുമുമ്പും കുട്ടികളെ അനധികൃതമായി വിറ്റിട്ടുള്ളതായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി ആരോപിച്ചു. കുട്ടിയെ വിലകൊടുത്ത് വാങ്ങിയ ദമ്പതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍ പ്രദേശുകാരായ ഇവര്‍ 1,20,000 രൂപ നല്‍കിയാണ് കുട്ടിയെ വാങ്ങിയതെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ രൂപാ കുമാരി പറയുന്നു.
മാര്‍ച്ച് 19 നാണ് കുഞ്ഞിന്റെ യഥാര്‍ഥ മാതാവ് മിഷണറി ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ എത്തിയത്. ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ചെയ്തില്ലെന്നും രൂപ പറയുന്നു. ഇത്തരത്തില്‍ കുട്ടികളെ വില്ക്കാന് തയ്യാറായ അമ്മമാരുടെ പേരുവിവരങ്ങള്‍ പൊലീസ് ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്ന് 1,40,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അവിവാഹിതരായ അമ്മമാര്‍ക്കായി മിഷണറീസ് ഓഫ് ചാരിറ്റി സംരക്ഷണ കേന്ദ്രം നടത്തുന്നുണ്ട്. കഴിഞ്ഞ മെയ് 14 നാണ് നവജാത ശിശുവിനെ വിറ്റതെന്നാണ് ആരോപണം. കഴിഞ്ഞ മുന്നുവര്‍ഷമായി ഇവിടെ നിന്ന് കുട്ടികളെ ദത്തുനല്കാറില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദത്തുനല്കല് നിയമം ഇവര്‍ അംഗീകരിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് ഇവിടെ നിന്ന് കുട്ടികളെ ദത്തുനല്‍കാൻ സാധിക്കാത്തത്.
നവജാത ശിശുക്കളെ വിറ്റുവെന്ന് വ്യക്തമായതോടെ റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന 13 ഗര്‍ഭിണികളായ സ്ത്രീകളെ ശിശുക്ഷേമ സമിതി മാറ്റി പാര്‍പ്പിച്ചു.സംഭവത്തില്‍ സ്ഥാപനത്തിലെ മറ്റ് രണ്ട് ജീവനക്കാരികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments