Latest NewsKerala

കലാലയത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ഇനി അംഗീകൃത സംഘടനകള്‍ക്ക് മാത്രം : പുതിയ നിയമം വരുന്നു

തിരുവനന്തപുരം: ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നിര്‍ബന്ധമാക്കി പുതിയ നിയമം വരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം കര്‍ശനമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ആണ് സർക്കാർ തീരുമാനം.സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് അനുവാദം നല്‍കുന്ന നിയമത്തിന്റെ കരടിലാണ് നിര്‍ദ്ദേശം.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ക്യാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ രജിസ്‌ട്രേഷനായി സെക്രട്ടറി തലത്തില്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാനാണ് തീരുമാനം. ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടന രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമുള്ളതാണ് പുതിയ നിയമം.

സംഘടനാ പ്രവര്‍ത്തനം വിലക്കിയതോടെ വിദ്യാര്‍ത്ഥികള്‍ തീവ്ര നിലപാടുള്ള സംഘടനകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനേജ്‌മെന്റുകള്‍ കരിനിയമങ്ങള്‍ നടപ്പാക്കുന്നുവെന്ന പരാതിയും ഏറിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഓരോ സംഘടനയുടെ നിയമാവലിയും പ്രധാന ഭാരവാഹിയുടെ പേരുകളുള്‍പ്പെടെയുള്ള വിശദാംശങ്ങളും സഹിതമാണ് രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടത്.

ഇതുപ്രകാരം സര്‍ക്കാര്‍ അംഗീകരിച്ച സംഘടനകള്‍ക്കാകും ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുക. രജിസ്റ്റര്‍ ചെയ്തതിനു ശേഷം അനുമതി ലഭിച്ച സംഘടനകള്‍ക്ക് ക്യാമ്പസിനുള്ളില്‍ കുട്ടികളെ വ്യക്തിപരമായോ കൂട്ടമായോ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ഇടപെടാം. കുട്ടികളുടെ അവകാശം, ക്ഷേമം തുടങ്ങിയ കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. നിയമവിരുദ്ധവും യുക്തിരഹിതവുമായ തീരുമാനങ്ങളും നിര്‍ദ്ധേശങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതിന് പരിഹാരം ആവശ്യപ്പെടാനും അധികാരമുണ്ടാകും.

അധികൃതരുടെ നടപടി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യവും സംഘടനകള്‍ക്ക് ഏറ്റെടുക്കാം.വിദ്യാര്‍ത്ഥികള്‍ക്ക് ആയുധ രഹിതരായി സംഘടിക്കുന്നതിനും ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും നിയമപരമായ പിന്‍ബലം നല്‍കുന്നതാണ് പുതിയ നിയമം. വര്‍ഗ്ഗീയത അടിസ്ഥാനമാക്കി തരംതിരിഞ്ഞ് സംഘടിക്കുന്നതും മതേതരത്വത്തിന് കോട്ടം തട്ടുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വിലക്കുമെന്നും നിയമത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button