ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ ശശി തരൂര്‍ രാജ്യം വിട്ട് പുറത്ത് പോകരുതെന്നും കോടതി വ്യക്തമാക്കി.
ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ ആവശ്യം.
Also Read : സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ ; ശശി തരൂര്‍ പ്രതി
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ വിഭാഗം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഏഴാം തീയ്യതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്നാണ് സുനന്ദയുടെ മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നാലെ സുനന്ദയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ശശി തരൂരിനെതിരേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍കൃത്യമായ തെളിവുകള്‍ കണ്ടെത്താനായില്ല.
Post Your Comments