തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷ് (33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ പിന്നീട് വിധിക്കും.
2008 മാര്‍ച്ച് 6നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരിയില്‍ ആര്‍എസ്എസ് നേതാവ് എം.പി.സുമേഷിന് വെട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ അക്രമപരമ്പരയുടെ ഭാഗമായി നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് മഹേഷ് ചിറ്റാരിപ്പറമ്പ് കൊല്ലപ്പെട്ടത്. പതിനെട്ട് സാക്ഷികളെ വിസ്തരിച്ച കേസില്‍ 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ ഒമ്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
സിപിഎം പ്രവര്‍ത്തകരായ പെരിങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്‍, ചെമ്മേരി പ്രകാശന്‍, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ചിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരാണ് കേസിലെ പ്രതികള്‍. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹേഷിനെ രാഷട്രീയ വിരോധം വെച്ച് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments