അബുദാബി : അബുദാബിയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ഇല്ല. പുതിയ നിയമം ഉടന്‍ നിലവില്‍ വരും. ആഗസ്റ്റ് 18 മുതല്‍ അബുദാബി നഗരത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം പണം നല്‍കി ഉപയോഗിക്കേണ്ടവയായി മാറുമെന്ന് അബുദാബി ഗതാഗത വകുപ്പ് വ്യക്തമാക്കി.
സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനും അനാശ്യാസകരമായ പാര്‍ക്കിങ് രീതികള്‍ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും വാഹന ഉടമകള്‍ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിന് റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ സ്വന്തമാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
2009 മുതലാണ് അബുദാബിയില്‍ പാര്‍ക്കിങ് മേഖലകള്‍ ഏര്‍പ്പെടുത്തിയത്. തിരക്കേറിയ പ്രദേശങ്ങളിലായാണ് ക്രമേണ പെയ്ഡ് പാര്‍ക്കിങ് പ്രാബല്യത്തില്‍ വന്നത്. സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിങ്ങനെ മണിക്കൂറില്‍ രണ്ട്, മൂന്ന് ദിര്‍ഹം വീതമാണ് നല്‍കേണ്ടത്. ഇതുവരെ പണം നല്‍കേണ്ടതില്ലാതിരുന്ന മുറൂര്‍, ബതീന്‍ തുടങ്ങിയ മേഖലകളും പെയ്ഡ് പാര്‍ക്കിങ് ഇടങ്ങളായി മാറും. ഇവിടങ്ങളിലെ താമസക്കാര്‍ പെര്‍മിറ്റ് നേടാത്ത പക്ഷം മണിക്കൂറിന് പണം നല്‍കി പാര്‍ക്ക് ചെയ്യണം.
Read Also : ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകൾ; ദുരൂഹത വർദ്ധിപ്പിച്ച് കൂട്ടആത്മഹത്യ
പ്രവാസികള്‍ക്ക് പരമാവധി രണ്ട് പാര്‍ക്കിങ് പെര്‍മിറ്റുകളാണ് ലഭിക്കുക. ആദ്യ പെര്‍മിറ്റിന് 800 ദിര്‍ഹവും രണ്ടാമത്തേതിന് 1200 ദിര്‍ഹവും ഫീസ് നല്‍കണം. സ്വദേശികള്‍ താമസിക്കുന്ന വില്ലക്ക് സമീപം സൗജന്യമായി പാര്‍ക്ക് ചെയ്യാം. അപാര്‍ട്മെന്റുകളില്‍ താമസിക്കുന്ന സ്വദേശികള്‍ക്ക് നാല് പെര്‍മിറ്റുകള്‍ സൗജന്യമായി ലഭിക്കും.
Post Your Comments