കോട്ടയം•യന്ത്ര തകരാർ ഉള്ള പുതിയ വാഹനം തിരിച്ചെടുത്ത് പകരം വാഹനം നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് ടാറ്റാ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്യൂണ്ടർ ബൂഷ്കെയ്ക്ക് കത്തയച്ചു. ആറുലക്ഷത്തിൽപരം രൂപ മുടക്കിയപ്പോൾ നൽകിയ യന്ത്രതകരാറുള്ള വാഹനം തിരിച്ചെടുത്ത് മാറ്റി നൽകിയില്ലെങ്കിൽ ടാറ്റാ കമ്പനി സിഇഒയ്ക്ക് സംഭാവനയായി വാഹനം നൽകുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. പാലാ രാമപുരം സ്വദേശി കുറിച്ചിയിൽ ജോൺ മൈക്കിളാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗ്യൂണ്ടർ ബൂഷ്കെയ്ക്ക് കത്തയച്ചത്. വാഹനം നൽകേണ്ട വന്നാൽ അതിനു മുടക്കിയ പണം പോക്കറ്റടിച്ചു പോയതായി കരുതേണ്ടി വരുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ജോൺ മൈക്കിൾ ടാറ്റാ കമ്പനിയുടെ ടിയാഗോ കാർ കോട്ടയം എം.കെ. മോട്ടോഴ്സിൽ നിന്നും വാങ്ങിയത്. ടാറ്റായുടെ വാഹനം വാങ്ങിക്കുന്നതിനെ വീട്ടുകാരും സുഹൃത്തുക്കളും അനുകൂലിച്ചില്ലെങ്കിലും ജോൺ വാഹനം വാങ്ങിക്കുകയായിരുന്നു. യന്ത്രത്തകരാർ പിറ്റേന്ന് മുതൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ എം കെ മോട്ടോഴ്സിൽ അറിയിക്കുകയും ചെയ്തു. അവർക്ക് വാഹനം പരിശോധിക്കാനായി എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. തകരാർ എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താൻ ഉപയോഗിച്ചതിൽ കൂടുതൽ വർക്ക് ഷോപ്പിൽ കിടക്കുകയായിരുന്നു. നിരവധി ജീവനക്കാർ നിരന്തരം പരിശോധിച്ച വാഹനം പുതിയതായി ഉപയോഗിക്കാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ വാഹനം മാറ്റി നൽകുകയോ ചെലവായ പണം തിരികെ നൽകുകയോ ചെയ്യണമെന്ന് ജോൺ ആവശ്യപ്പെട്ടു.
ജോൺ അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ.
ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗ്യൂണ്ടര്‍ ബൂഷ്‌കെ അവറുകള്‍ക്ക്,
സര്‍,
അങ്ങേയ്ക്ക് എന്റെ പ്രണാമം. ഇത്തരമൊരു കത്ത് അങ്ങേയ്ക്ക് എഴുതേണ്ടി വന്നിരിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ടാറ്റാ കുടുംബത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ഉടമയാണ്.
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചു ഒരു വാഹനം സ്വന്തമാക്കുക എന്നത് എനിക്ക് ഒരു സ്വപ്നവും ആഗ്രഹവുമായിരുന്നു. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചര്‍ച്ച ചെയ്തു. പലരും പല വാഹനങ്ങള്‍ നിര്‍ദ്ദേശിച്ചു. ആരും തന്നെ ടാറ്റായുടെ നിര്‍ദ്ദേശിക്കുകയുണ്ടായില്ല. നിരവധി വാഹനങ്ങളുടെ റിവ്യൂ ഞാന്‍ ഓണ്‍ലൈനിലും മറ്റും വായിച്ചു. എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് ടാറ്റയുടെ ടിയാഗ വാങ്ങിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ പലവിധത്തില്‍ എന്നെ നിരുല്‍ത്സാഹപ്പെടുത്തി. എന്റെ നാടായ പാലായില്‍ ടാറ്റയുടെ സര്‍വീസ് സെന്റര്‍പോലുമില്ലെന്ന കാര്യം എല്ലാവരും ചൂണ്ടിക്കാട്ടി. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്‌നേഹപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് ഞാന്‍ ടാറ്റയുടെ ടിയാഗ ഓട്ടോമാറ്റിക് കാര്‍ എടുക്കാന്‍ നിശ്ചയിച്ചു. സ്വദേശിയായ ഒരു വാഹനമെന്ന നിലയിലും ടാറ്റ എന്ന പേരിലും ഞാന്‍ വിശ്വസിച്ചു. നാട്ടില്‍നിന്നുമേറെ അകലെയുള്ള ടാറ്റയുടെ ഡീലര്‍മാരായ എംകെ മോട്ടോഴ്‌സിനെ സമീപിച്ചു. അവര്‍ വില്‍പ്പനാനന്തര സേവനം വാക്കാല്‍ ഉറപ്പുനല്‍കി. ടാറ്റയ്ക്കുവേണ്ടി നല്‍കിയ ഉറപ്പിനെ ഞാന്‍ വിശ്വസിച്ചു. സര്‍വീസിനായി എന്റെ വീട്ടില്‍ വന്നു വാഹനം എടുത്തുകൊണ്ടു പോകുമെന്നും തിരികെത്തരുമെന്നും ഒക്കെ അവര്‍ വാഗ്ദാനം നല്‍കി. എല്ലാം ഞാന്‍ വിശ്വസിച്ചു. കാരണം ടാറ്റയ്ക്കു വേണ്ടിയാണല്ലോ എംകെ മോട്ടോഴ്‌സ് വാക്കു തരുന്നത്.
അങ്ങനെ 2018 മാര്‍ച്ച് അഞ്ചിന് പറഞ്ഞ പണം നല്‍കി ടാറ്റയുടെ ടിയാഗ ഞാന്‍ സ്വന്തമാക്കി. അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് വാഹനവുമായി വീട്ടിലെത്തിയത്.
എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചുകൊണ്ട് പിറ്റേന്നു മുതല്‍ വാഹനത്തിനു ചെറിയ മിസ്സിംഗ് കണ്ടു. പുതിയ വാഹനമായതിനാല്‍ എന്റെ ഡ്രൈവിംഗ് മൂലമാണെന്ന് ഞാന്‍ കരുതി. ഏഴാം തിയതി കമ്പനിയില്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്തു. അവര്‍ പ്രശ്‌നമൊന്നുമില്ലെന്നു വിധി എഴുതി. എന്നാല്‍ ഏപ്രില്‍ 17നു ഇതേ പരാതിയോടെ വാഹനം സര്‍വീസിനായി കൊടുത്തു. പരാതിക്ക് പരിഹാരമുണ്ടായില്ല. തുടര്‍ന്ന് എം കെ മോട്ടോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ടാറ്റായുടെ അംഗീകൃത സര്‍വീസ് സെന്ററായ ഫോക്കസ് മോട്ടോഴ്‌സില്‍ പരിശോധനക്കായി വാഹനം ഏല്‍പ്പിച്ചു. പുതുതായി എടുത്ത എന്റെ വാഹനം എനിക്കു ഉപയോഗിക്കാന്‍ കഴിയാതെ ഇപ്പോഴും വര്‍ക്ക്‌ഷോപ്പില്‍ കിടക്കുകയാണ്. വീട്ടുകാരും കൂട്ടുകാരും വാഹനത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ടാറ്റയുടെ വാഹനമെടുത്തതിന്റെ പേരില്‍ എനിക്കു തല കുനിക്കേണ്ടി വന്നു. സര്‍, നിങ്ങള്‍ ചോദിച്ച ആറു ലക്ഷത്തില്‍പരം രൂപയും അഡീഷണല്‍ സര്‍വീസ് സ്‌കീമുകളും ഒക്കെ വാങ്ങിയ എന്റെ അവസ്ഥയാണ് ഇത്. 1900 കിലോമീറ്റര്‍ ഓടിയപ്പോഴേയ്ക്കും ക്ലെച്ചും പ്രഷര്‍ പ്ലേറ്റും മാറിയതായി കമ്പനി അറിയിച്ചു. എന്നിട്ടും പ്രശ്‌നം മാറിയില്ല. തുടര്‍ന്ന് മെയ് 16ന് വര്‍ക്ക്‌ഷോപ്പിലേയ്ക്ക് മാറ്റി. ഒന്നും ചെയ്യാതെ 25ന് തിരികെ തന്നു. പരാതി അന്നേ ദിവസം തന്നെ കൊടുത്തു. എന്നാല്‍ പ്രശ്‌നമൊഴിവാക്കാന്‍ അവര്‍ നടപടിയൊന്നുമെടുത്തില്ല. ടാറ്റാ കമ്പനിയ്ക്ക് അയച്ച മെയിലിനും മറുപടി ലഭിച്ചില്ല.
തുടര്‍ന്ന് തന്റെ സുഹൃത്തായ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹം കമ്പനിയിലെ ശിവകുമാര്‍ എന്നയാളുമായി സംസാരിച്ചു. തുടര്‍ന്നു അവര്‍ 28ന് ടെക്‌നീഷ്യനെ അയച്ചു. അവര്‍ വാഹനത്തിനു കുഴപ്പമുണ്ടെന്നു എന്നോട് പറഞ്ഞു. തുടര്‍ന്നു ടാറ്റായ്ക്കു മെയില്‍ അയയ്ക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തു. ഈ നാളുകള്‍ക്കിടയില്‍ ടാറ്റയില്‍നിന്നോ എംകെ മോട്ടോഴ്‌സില്‍ നിന്നോ ആരും എന്നെ വിളിച്ചില്ലെന്നതും ദുഃഖകരമായി അവശേഷിക്കുകയാണ്. പിന്നീട് ജൂണ്‍ 2ന് ടെക്‌നീഷ്യന്‍ വീണ്ടും വന്നു. അന്നെടുത്ത വീഡിയോ ടാറ്റായ്ക്ക് അയച്ചു നല്‍കി. ഏഴിനു വന്ന് വാഹനം വീണ്ടും വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റി. വ്യൂവല്‍ പമ്പ് മാറ്റി വച്ചതായി ചോദിച്ചപ്പോള്‍ പറഞ്ഞു. ഇതേവരെ വാഹനം എനിക്കു ശരിയായ വിധം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ഇപ്പോഴും വര്‍ക്ക്‌ഷോപ്പില്‍ തന്നെ കിടക്കുകയാണ്. പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല ഇതേവരെ.
സര്‍, ഒരു പുതിയ ടാറ്റാ ടിയാഗ വാഹനം വാങ്ങിയിട്ട് എന്റെ കൈയ്യില്‍ ഇരുന്നതിനേക്കാള്‍ കൂടുതല്‍ സമയം വര്‍ക്ക് ഷോപ്പില്‍ ആണ് കിടന്നതും ഇപ്പോള്‍ കിടക്കുന്നതും. എം കെ മോട്ടോഴ്‌സിലെയും ഫോക്കസ് മോട്ടോഴ്‌സിലെയും സര്‍വ്വ ടെക്‌നീഷ്യന്‍•ാരും ഓടിച്ചും പരിശോധിച്ചും കഴിഞ്ഞിരിക്കുകയാണ്. സര്‍, ഈ വാഹനം പുതിയ തെന്നപോലെ ഉപയോഗിക്കാന്‍ എനിക്കു സാധിക്കുകയില്ല. ഇതിലും ഭേദം ഞാന്‍ ഒരു സെക്കന്റ് ഹാന്‍ഡ് വാഹനം വാങ്ങിക്കുകയായിരുന്നു നല്ലതെന്നു സുഹൃത്തുകള്‍ പറയുന്നു.കൈയ്യിലിരുന്ന പണം നഷ്ടമായതിനു പുറമേ മനസമാധാനവും ടാറ്റായുടെ വാഹനം വാങ്ങിച്ച വകയില്‍ നഷ്ടമായിരിക്കുകയാണ്. മാത്രമല്ല, ഇത്രയും പ്രശ്‌നം വാങ്ങിയപ്പോള്‍ തന്നെ ഉണ്ടായ വാഹനം മറ്റൊരാള്‍ക്ക് പിന്നീട് വില്‍ക്കണമെങ്കില്‍ പ്രശ്‌നങ്ങള്‍ ഞാന്‍ മറച്ചു വയ്ക്കണം. എന്നെ വിശ്വസിച്ചു വാഹനം വാങ്ങാന്‍ വരുന്ന ആരായാലും അത് ചെയ്യാന്‍ എന്റെ മന:സാക്ഷി അനുവദിക്കുകയില്ല. സര്‍, അങ്ങ് ഒരു പുതിയ വാഹനം വാങ്ങിക്കഴിഞ്ഞു ഇതേ രീതിയില്‍ അനുഭവമുണ്ടായാല്‍ എന്താവും അവസ്ഥ. ഇന്ത്യയ്ക്കു പുറത്ത് മറ്റൊരു രാജ്യത്താണ് ഈ സംഭവമെങ്കില്‍ അങ്ങയുടെ കമ്പനി സംഭവമറിഞ്ഞ ഉടന്‍ വാഹനം മാറ്റി നല്‍കുകയില്ലേ? ഒപ്പം നഷ്ടപരിഹാരവും നല്‍കുമല്ലോ? സര്‍, നഷ്ടപരിഹാരമൊന്നും വേണ്ട, പ്രശ്‌നമുള്ള പുതിയ വണ്ടി പകരം വണ്ടി മാറ്റി നല്‍കിയാല്‍ മതി. പണം മുടക്കിയ എനിക്ക് എന്റെ മനസമാധാനം തിരികെ കിട്ടണമെങ്കില്‍ അതു മാത്രമാണ് വഴി. ഉപഭോക്താവിന്റെ സംതൃപ്തി ടാറ്റായ്ക്ക് ആവശ്യമല്ലേ? അല്ലെങ്കില്‍ ഞാന്‍ എന്റെ ജീവിതകാലമത്രയും ടാറ്റയുടെ വാഹനം വാങ്ങാന്‍ തോന്നിയ ആ നിമിഷത്തെ പഴിക്കുക തന്നെ ചെയ്യും.എന്റെ ഈ ദുര്‍വിധി തലമുറകള്‍ മനസ്സില്‍ വയ്ക്കുമെന്നതില്‍ സംശയമില്ല.
ഈ കത്ത് എഴുതാന്‍ ഇടയാക്കിയത് അങ്ങയുടെ കമ്പനിയുടെ നിലപാടാണ്. സത്യത്തില്‍ ടാറ്റയുടെ വാഹനം വാങ്ങിച്ചതാണ് ഇതിനെല്ലാം കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതായാലും ഇനി ആ വാഹനം വേണ്ട എന്ന തീരുമാനം ഞാന്‍ സ്വീകരിച്ചു കഴിഞ്ഞു. വാഹനം മാറ്റി നല്‍കിയില്ലെങ്കില്‍ ഒരു ഉപഭോക്കാവിനുണ്ടായ വിഷമത്തിന്റെ നിത്യ സ്മാരകമെന്ന നിലയില്‍ ആ പഴയ കാര്‍ അങ്ങേയ്ക്ക് തന്നെ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. കാരണം ഇത്രയധികം രൂപ നല്‍കിയ വാഹനം ഉപയോഗിക്കാന്‍ കഴിയാത്തതു വലിയ ദുഃഖം തന്നെയാണ്. സര്‍, എത്രയോ ആളുകളുടെ പണം കവര്‍ച്ചക്കാരും പോക്കറ്റടിക്കാരും കൊണ്ടു പോകുന്നുണ്ട്. അക്കൂട്ടത്തില്‍ ടാറ്റ എന്ന വാഹന ഭീമന്‍ എന്റെ പണം പോക്കറ്റടിച്ചതായി കരുതാനാകും എന്റെ വിധി എന്നു മാത്രം വിശ്വസിച്ചു കൊണ്ട്,
ജോണ്‍ മൈക്കിള്‍
കുറിച്ചിയില്‍
രാമപുരം പി ഒ
ഫോണ്‍: +919446497030
Post Your Comments