Latest NewsIndia

മരണത്തിലേക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നില്‍; : അര്‍ദ്ധരാത്രിയിലെ ഭീകര ദൃശ്യങ്ങള്‍ കണ്ട് പൊലീസ് ഞെട്ടി

ന്യൂഡല്‍ഹി : മരണത്തിലേയ്ക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്‍മുന്നില്‍. ദൃശ്യം കണ്ട് പൊലീസ് ഞെട്ടി. ദൃശ്യത്തില്‍ നിന്നും ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് പൊലീസ് തള്ളിക്കളഞ്ഞു.

കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തരായി ‘പുനര്‍ജനിക്കുമെന്നായിരുന്നു’ എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ‘ആചാര’ത്തിനു മേല്‍നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.

ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.

അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന്‍ നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്.

കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിര്‍ദേശങ്ങള്‍ തരുന്നതെന്നായിരുന്നു ഇയാള്‍ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഡയറിയിലെ വിവരങ്ങള്‍ പറയുന്നു. ‘ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്. അവസാന ‘കര്‍മ’വും പൂര്‍ത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനര്‍ജന്മ വിശ്വാസത്തിലേക്കു വിരല്‍ ചൂണ്ടുന്നത്.

11 വര്‍ഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതില്‍ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂണ്‍ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അര്‍ധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ഡയറിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജൂണ്‍ 30നു രാത്രി സംഭവിച്ച കാര്യങ്ങളില്‍ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ സ്റ്റോറില്‍ നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ ഒരു വനിത മുകളിലെ നിലയിലേക്കു സ്റ്റൂളുകള്‍ കൊണ്ടുവരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികള്‍ ധ്രുവും ശിവവും കയറുകളുമായി വരുന്നു. പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓര്‍ഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരന്‍ റൊട്ടി വീട്ടിലെത്തിച്ചു നല്‍കി- അപ്പോള്‍ സമയം 10.45. വീട്ടുകാര്‍ റൊട്ടി വാങ്ങുമ്പോള്‍ അസ്വാഭാവികമായ യാതൊന്നും തനിക്കു തോന്നിയില്ലെന്നു ഋഷി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. റൊട്ടിയുടെ വിലയായ 200 രൂപ വാങ്ങി തിരികെ പോവുകയും ചെയ്തു.

10.57ന് നാരായണി ദേവിയുടെ മൂത്തമകന്‍ ഭുവനേഷ് കാവല്‍നായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലര്‍ച്ചെ 5.56നാണ്. പാല്‍വണ്ടിയില്‍ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയല്‍ക്കാരന്‍ വീട്ടിലേക്കു കയറുന്നു, പൊലീസെത്തുന്നു.

രാത്രി ഒരു മണിയോടെയാണ് കൂട്ട ആത്മഹത്യയെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഡയറിയിലുണ്ട്. ‘ഭഗവാന്‍ കാ രാസ്താ’ (ദൈവത്തിന്റെ വഴി) എന്ന പേരിലായിരുന്നു ജൂണ്‍ 30ലെ ഡയറിക്കുറിപ്പ്. ഗ്രില്ലില്‍ ഒന്‍പതു പേര്‍ തൂങ്ങിക്കിടക്കണമെന്നായിരുന്നു ഒരു നിര്‍ദേശം.

ലളിതിന്റെ വിധവയായ സഹോദരിയും മൂത്ത സഹോദരന്‍ ഭുവനേഷും വീട്ടിലെ ചെറിയ അമ്പലത്തിനു സമീപം വേണമെന്നും പറയുന്നു. പത്തു മണിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്നും കുറിപ്പിലുണ്ട്. അമ്മ വേണം റൊട്ടി എല്ലാവര്‍ക്കും നല്‍കാന്‍. ‘അവസാന ക്രിയ’ ഒരു മണിക്കു ചെയ്യണമെന്നും ഡയറിയിലെഴുതിയിരിക്കുന്നു. മുഖവും കണ്ണും ചെവിയുമെല്ലാം മൂടിക്കെട്ടണമെന്നും നിര്‍ദേശമുണ്ട്.. അഞ്ച് സ്റ്റൂളുകളാണ് മരിക്കാന്‍ ഉപയോഗിച്ചത്.

വീടിനു മുകളിലെ ഗ്രില്ലിലായിരുന്നു എട്ടു പേര്‍ തൂങ്ങി നിന്നത്. ഇതിനു നാല് സ്റ്റൂളുകള്‍ ഉപയോഗിച്ചു. രണ്ടു പേര്‍ സമീപത്തെ അമ്പലത്തിലും ഒരു ചെറിയ സ്റ്റൂള്‍ ഉപയോഗിച്ചു മരിച്ചു. നാരായണി ദേവി മുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ലളിതിന്റെ ഭാര്യ ടിന ഒഴികെ ബാക്കിയെല്ലാവരുടെയും കണ്ണും മുഖവും കെട്ടിയ നിലയിലായിരുന്നു. എല്ലാവരെയും കെട്ടിയിട്ടത് ടിനയാണെന്നാണു കരുതുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button