അനന്തപുരിയുടെ അഭിമാനമാണ് ലോകമെന്പാടും പ്രശസ്തിയാര്‍ജ്ജിച്ച ശ്രീപത്മനാഭസ്വാമീ ക്ഷേത്രം. ആയിരം ഫണങ്ങളോടുകൂടിയ അനന്തൻ എന്ന സർപ്പത്തിന്മേൽ ശയിക്കുന്ന മഹാവിഷ്ണുവാണ് പ്രതിഷ്ഠ. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രത്തെ ഭൂലോക വൈകുണ്ഠമെന്നും വിശേഷിപ്പിക്കുന്നു. ദൂരെ ദേശങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് നിത്യേന ക്ഷേത്രത്തില്‍ എത്തുന്നത് .
പതിനെട്ടടി നീളമുള്ള യോഗനിദ്രയിൽ ശയിക്കുന്ന രൂപത്തിലുള്ള ഭഗവൽ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. ഭഗവാന്റെ ശിരോഭാഗം അനന്തന്റെ ഫണത്താൽ മൂടിയിരിക്കുന്നു. അനന്തനില്‍ ശയിക്കുന്ന വിഷ്ണു ഭഗവാന്റെ ചിന്മുദ്രയോടു കൂടിയ വലതുകൈക്ക് താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്. മഹാദേവനെ ഭഗവാൻ നിത്യവും പൂജിക്കുന്നു എന്നാണ് സങ്കല്പം. കൂടാതെ ശ്രീപത്മനാഭന്റെ നാഭിയിൽ നിന്നുള്ള താമരയിൽ ചതുർമുഖനായ ബ്രഹ്മാവിനെയും കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ സാന്നിധ്യവും ചൈതന്യവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഭഗവാന്റെ അടുത്തായി ലക്ഷ്മീദേവിയെയും അൽപം മാറി ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യേന അഞ്ചുപൂജകളും മൂന്ന് ശീവേലികളുമുണ്ട്.
സമ്പത്തിന്റെ കാര്യത്തിൽ ലോകത്തിനുമുന്നിൽ പോലും ഒരത്ഭുതമാണ് ശ്രീപത്മനാഭസ്വാമീ ക്ഷേത്രം എന്ന് പറയാം. ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര സമ്പത്ത് ശേഖരം ക്ഷേത്രത്തിലുണ്ട്. ഒരിക്കൽ പത്മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോക്കളെ ദാനം ചെയ്തു. ബലരാമൻ ഗോദാനം ചെയ്ത ഭാഗം ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറാണ്. ഇവിടം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗത്താണ് ക്ഷേത്രത്തിന്റെ എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത്. ബലരാമൻ ഗോദാനം ചെയ്ത ഭാഗത്ത് ഐശ്വര്യം എപ്പോഴും നിലനിൽക്കുന്നതിനാലായിരിക്കണം ക്ഷേത്ര സമ്പത്ത് സൂക്ഷിക്കുന്ന നിലവറകൾ ഇവിടെ നിർമ്മിക്കപ്പെട്ടത്. ദേവചൈതന്യവുമായി ബന്ധമുള്ള ബി നിലവറ ഇതുവരെയും തുറന്നിട്ടില്ല. ഈ നിലവറയുടെ സംരക്ഷകൻ ശ്രീ നരസിംഹസ്വാമിയാണെന്നാണ് വിശ്വാസം.
Post Your Comments