ബ്രസീല്‍ – മെക്സിക്കോ
പ്രവചനങ്ങള്‍ക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. വിപ്ലവങ്ങളുടെ നാട്ടില്‍, ലെനിന്റെ നാട്ടില്‍, വിപ്ലവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? ഏറ്റവും ഒടുവിലായി റഷ്യന്‍ വിപ്ലവവും കണ്ടു ഇന്നലെ. അല്‍പം ഫോം കുറവാണെങ്കിലും ഒരു സ്പാനിഷ് ദുരന്തം അധികമാരും പ്രതീക്ഷിച്ചു കാണില്ല. എന്നിട്ടും അത് സംഭവിച്ചു. ആര്‍ത്തിരമ്പുന്ന സ്വന്തം കാണികളുടെ ആരവത്തിന്റെ പിന്‍ബലത്തില്‍ ഷൂട്ടൌട്ടില്‍ റഷ്യ ജയിച്ചു കയറി. അവസാന എട്ടിലേക്ക്. ആരാധകരുടെയും ഫുട്ബോള്‍ വിദഗ്ദരുടെയും കളിയെഴുത്തുകാരുടെയും ബെറ്റിംഗ് മാഫിയകളുടെയും കണക്കുകൂട്ടലുകള്‍ക്ക് വീണ്ടും തിരിച്ചടികള്‍ നല്‍കിക്കൊണ്ട് ഒരു ദിവസം കൂടി കഴിഞ്ഞു.
എണ്‍പതിനായിരത്തോളം കാണികളുടെ പിന്‍ബലം ഉണ്ടായിരുന്നു ഇന്നലെ റഷ്യക്ക്. ആവേശമുള്‍ക്കൊണ്ട് അവര്‍ ജയിച്ചു. ആദ്യമായി അവസാന എട്ടിലേക്ക് എത്തി. സ്പെയിന്‍ പലപ്പോഴും ബാലപാഠങ്ങള്‍ മറന്നു. ആയിരത്തില്‍ അധികം പാസുകള്‍ നല്‍കി ഇന്നലെ അവര്‍ റെക്കോഡിട്ടു. പക്ഷെ ഗോള്‍ അടിക്കാന്‍ മറന്നുപോയി. അര്‍ജന്റീന , ജര്‍മനി, പോര്‍ച്ചുഗല്‍ നിരയിലേക്ക് ഒരു അട്ടിമറി ഇര കൂടി. ഇന്നലെ മറ്റൊരു അട്ടിമറി കൂടി സംഭവിക്കേണ്ടതായിരുന്നു. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ക്രോയേഷ്യ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പെനാല്‍റ്റി ഷൂട്ടൌട്ട് വരെയും ഷൂട്ടൌട്ടിലും ഡെന്മാര്‍ക്ക് ക്രോയേഷ്യയെ വിറപ്പിച്ചു. പ്രവചനങ്ങള്‍ക്ക് പുല്ലുവില നല്‍കുകയാണ് റഷ്യന്‍ ലോകകപ്പ്
ഇന്ന് കരുത്തരായ ബ്രസീല്‍ മെക്സിക്കോയെ നേരിടുകയാണ് സമാറയില്‍. ഒരു പൂക്കൂട കമിഴ്ത്തി വച്ചതുപോലെയാണ് സമാറയിലെ കോസ്മോസ് അരീന. ഇവിടെയും ഇന്ന് ഒരു ടീമിന്റെ കണ്ണീരു വീഴും. ഒരു ടീം ഗുഡ്ബൈ പറയും. അതിലൊരു ടീമാകരുതെ തങ്ങളുടേത് എന്നായിരിക്കും ആരാധകരുടെ പ്രാര്‍ത്ഥന.
ബ്രസീല്‍ ആശങ്കകള്‍ ഏതുമില്ലാതെ ആയിരിക്കും ഇന്നിറങ്ങുക. പതിഞ്ഞ താളത്തില്‍ തുടങ്ങിയ അവര്‍ റിഥം കണ്ടെത്തിക്കഴിഞ്ഞു. ആദ്യകളിയില്‍ സമനിലക്ക് ശേഷം രണ്ടാം കളിയില്‍ ഫോമിന്റെ സൂചനകള്‍ നല്‍കിയപ്പോള്‍ അവസാന മത്സരത്തില്‍ സ്വതസിദ്ധമായ താളത്തിലെത്തി. പരിക്കുകള്‍ ഭേദമായ കളിക്കാര്‍ ഇന്ന് കളത്തിലിറങ്ങും എന്ന സൂചന കോച്ച് നല്‍കിക്കഴിഞ്ഞു. മെക്സിക്കോക്കെതിരെ അപരാജിത റെക്കോഡിന്റെ ചരിത്രവും അവര്‍ക്ക് കരുത്തേകുന്നു. കുടീഞ്ഞോയും ജെസൂസും നെയ്മരും ടിറ്റെയുടെ തന്ത്രങ്ങളും തന്നെയാണ് ബ്രസീലിന്റെ കീ. താരനിബിഡമായ ടീം ഒന്നാകെ എണ്ണയിട്ട യന്ത്രം പോലെ വര്‍ക്ക് ചെയ്‌താല്‍ ബ്രസീലിന് ഭയക്കാനില്ല. ഫോര്‍വേഡ്, മിഡ്ഫീല്‍ഡ്, ഡിഫന്‍സ് എന്നീ മൂന്നു വിഭാഗങ്ങള്‍ ഒരുമിച്ച് ഇണങ്ങിയത് അവസാന കളിയില്‍ മാത്രമാണ് എന്നത് ആശ്വാസവും അതെ സമയം ആശങ്കയും പകരുന്നു. മുന്നേറ്റനിരയില്‍ വില്ലിയന്‍ നിരാശകള്‍ മാത്രമാണ് കൊടുക്കുന്നത്. എങ്കിലും വില്ലിയനെ മാറ്റിക്കൊണ്ടുള്ള ടീം പ്രഖ്യാപിക്കാനിടയില്ല. ഫോര്‍മേഷന്‍ 4-3-3 ന് മാറ്റം ഉണ്ടാകില്ല.
സാധ്യത ഇലവന്‍ : അല്ലിസന്‍ ( ഗോളി ) , മാര്‍സലോ , മിരാണ്ട , ഫോഗ്നര്‍ , തിയാഗോ , കാസിമിറോ , പൌളീഞ്ഞോ , കുടീഞ്ഞോ , വില്ലിയന്‍ , ജെസൂസ്, നെയ്മര്‍
മെക്സിക്കോയും പ്രതീക്ഷയിലാണ്. ജര്‍മനിക്ക് മടക്കടിക്കറ്റ് നല്‍കുമ്പോള്‍ ആദ്യം ഒപ്പ് വച്ചത് മെക്സിക്കോയാണ്. രണ്ടാം കളിയിലും വിജയിച്ചു. എന്നാല്‍ സ്വീഡനെതിരെ ഉണ്ടായ വമ്പന്‍ തോല്‍വി അവരുടെ പോരായ്മകള്‍ വെളിച്ചത്ത് കൊണ്ട് വന്നു. വേഗഫുട്ബോള്‍ കളിക്കുന്ന മെക്സിക്കോയെ പിടിച്ചു കെട്ടാന്‍ ബ്രസീലിന്റെ ഡിഫന്‍സ് കിണഞ്ഞു ശ്രമിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ചിട്ടും കപ്പ് നേടാത്ത ടീമെന്ന പേരും ക്വാര്‍ട്ടര്‍ കടക്കാത്ത ടീമെന്ന ദുഷ്പേരും മറികടക്കാന്‍ മെക്സിക്കോ കൈമെയ് മറന്നു പോരാടും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ മികച്ച ഒരു മത്സരം നമുക്ക് പ്രതീക്ഷിക്കാം. ആരാധകര്‍ ഏറെയുള്ള ടീമുകള്‍ പുറത്തായ നിലക്ക് കൌതകത്തോടെ ആയിരിക്കും അവരും ഈ മത്സരം കാണുക. സാവിയര്‍ ഫെര്‍ണാണ്ടസ് എന്ന സ്ട്രൈക്കര്‍ , ഹിര്‍വിനോ ലോസാനോ എന്ന വിങ്ങര്‍ , ജര്‍മനിക്കെതിരെ ഒമ്പത് വമ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗില്ലര്‍മോ ഒച്ചാവ എന്നീ കളിക്കാരാണ് മെക്സിക്കോയുടെ കീ പ്ലെയേഴ്സ്. മെക്സിക്കോ ഡിഫന്‍സ് പൊളിച്ചു വരുന്ന ബ്രസീലിയന്‍ കളിക്കാര്‍ക്ക് വിലങ്ങുതടിയായി ഒച്ചോവയും കൂടി ഉണ്ടായിരിക്കും. കോച്ച് കാര്‍ലോസ് ഒസോരിയോ 4-2-3-1 ഫോര്‍മ്ഷന്‍ പരീക്ഷിക്കാന്‍ ആണ് സാധ്യത
സാധ്യത ഇലവന്‍ : ഒച്ചാവോ ( ഗോളി ) , ഗല്ലാര്‍ഡോ, സാല്സേഡോ , അയാള , അല്‍വാരെസ് , ഗുവാര്‍ഡാഡോ, ഹെരേര, ലയൂണ്‍ , കാര്‍ലോസ് വേല , ലോസാനോ , ഹെര്‍ണാണ്ടസ്
ബെല്‍ജിയം – ജപ്പാന്‍
റഷ്യയിലെ റോട്ട്സോവ് സ്റ്റേഡിയത്തിന് ഒരു കഥ പറയാനുണ്ട്. പഴയ യുദ്ധഭൂമി ആണിത്. ഇന്ന് കളി നടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം നടക്കുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധസമയത്ത് പൊട്ടാതെ കിടന്നിരുന്ന അഞ്ചു ഷെല്ലുകളാണ് കണ്ടെത്തിയത്. ഇന്ന് കളിയില്‍ ഒരു സ്ഫോടനം നടക്കുമോ എന്നാണു ആരാധകരുടെ ചിന്ത. ഏഷ്യയുടെ ഒരേയൊരു പ്രതിനിധിയായി ‘’നല്ലനടപ്പില്‍’’ മാത്രം നോക്കൌട്ടില്‍ എത്തിയ ജപ്പാന് എന്തെങ്കിലും സ്ഫോടനം നടത്താന്‍ കഴിയുമോ? ബെല്‍ജിയത്തിന്റെ തീയുണ്ടകള്‍ക്ക് മുന്നില്‍ എത്ര സമയം പിടിച്ചു നില്‍ക്കാന്‍ ജപ്പാന് കഴിയും എന്നൊക്കെയാണ് ചോദ്യങ്ങള്‍. അട്ടിമറികള്‍ക്ക് പേരുകേട്ട ഈ ലോകകപ്പില്‍ ആരും സുരക്ഷിതരല്ല എന്ന ബോധം ഇരു ടീമുകള്‍ക്കും ഉണ്ടാകും.
കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് തികച്ചും ആത്മവിശ്വാസത്തില്‍ ആണ്. മൈതാനത്തിന്റെ മൂന്നു വിഭാഗങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന കളിക്കാര്‍ ഉള്ളപ്പോള്‍ എങ്ങനെ ആശ്വസിക്കാതിരിക്കും ? കീ പ്ലെയ്ഴ്സ് ആയ വിങ്ങര്‍ ഹസര്‍ഡും സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയ്നും സംഹാര രൂപത്തില്‍ നില്‍ക്കുന്ന റോമേലു ലുക്കാക്കുവും ജപ്പാനെ കൊന്നുകൊലവിളിക്കാന്‍ പോന്നവരാണ്. ഇവര്‍ കത്തിയാല്‍ കളി ബെല്‍ജിയത്തിന്റെ കയ്യിലിരിക്കും. അല്‍പം വ്യത്യസ്തമായ 3-4-3 ശൈലി ആയിരിക്കും എന്ന് കരുതുന്നു.
സാധ്യത ഇലവന്‍ : കുര്‍ട്ടോയിസ് ( ഗോളി ) , വെര്‍റ്റോണ്‍ഘന്‍, വെര്‍മിലിയന്‍ , ടോബി, ബ്രുയ്ന്‍ , മ്യൂനിയര്‍ , വിട്സല്‍ , കരാസ്കോ , മെര്‍ട്ടെന്‍സ് , ലുക്കാക്കു , ഹസാര്‍ഡ്.
ഈ ലോകകപ്പിലെ ഏറ്റവും ഭാഗ്യം ചെയ്ത ടീം ജപ്പാന്‍ ആയിരിക്കും. സെനഗലിനെ നേരിയ രീതിയില്‍ പിന്നിലാക്കി ജപ്പാനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പോയന്റ് നിലയും ഗോള്‍ ശരാശരിയും ഒരുപോലെ ആയപ്പോള്‍ കുറവ് മഞ്ഞകാര്‍ഡുകള്‍ വാങ്ങിയതിന്റെ പേരിലാണ് ജപ്പാന്‍ കടന്നുകൂടിയത്. ഏഷ്യയുടെ ബാക്കിയുള്ള ഒരേ ഒരു പ്രതിനിധിയായ ജപ്പാന്‍ ബെല്‍ജിയത്തിന്റെ കരുത്തിനും വേഗത്തിനും കൃത്യതക്കും മുന്നില്‍ പിടിച്ചു നില്‍ക്കുമോ എന്ന ചോദ്യത്തിന് സാധ്യത ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ ഇത് ഫുട്ബോള്‍ ആണ്. പ്രത്യേകിച്ചും റഷ്യ. കളി പാതിവഴി പിന്നിടുമ്പോള്‍ തന്നെ ഒരുപാട് പേരുടെ മനസ്സില്‍ ചോര ചിന്തിയ ലോകകപ്പ്. ആ ഒരു ഫാക്റ്റര്‍ ജപ്പാന്‍ കോച്ച് അകിറ നിഷിനോ ചിന്തിക്കാതിരിക്കില്ല. രണ്ടു പ്രധാനപ്പെട്ട അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ ബലമാണ് ജപ്പാന്. ഷിന്‍ജി കഗാവയും കിസുക്കി ഹോണ്ടയും. തകാഷി ഇനുയി എന്ന വിങ്ങര്‍ കൂടി ചേരുമ്പോള്‍ ബെല്‍ജിയന്‍ സുനാമിയെ തടയാം എന്നാണ് ജപ്പാന്റെ പ്രതീക്ഷ. ഫോര്‍മേഷന്‍ 4-2-3-1 ആയിരിക്കും.
സാധ്യത ഇലവന്‍ : കവാഷിമ ( ഗോളി ) നഗാട്ടോമോ , ഷോജി , സകായി, യോഷിദ , ഷിബസക്കി , ഹസേബി , ഹോണ്ട , കഗാവ , ഇനുയി, ഒസോക്കോ
സുജിത്ത് ചാഴൂര്‍
Post Your Comments