കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിദ്. ഈ സംഭവത്തിൽ ശക്തവും സ്വതന്ത്രവുമായ നിയമ ഇടപെടൽ ഉണ്ടാകണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ക്യാംപസ് ഫ്രണ്ടിന്റെ നിലപാടെന്നും റാഷിദ് ഒരു ചാനലിനോട് വെളിപ്പെടുത്തി. കൂടാതെ എസ് എഫ് ഐയുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ഇത്തരം ഒരു സംഭവത്തിലേക്ക് നയിച്ചതെന്നും റാഷിദ് പറഞ്ഞു.
‘എസ്എഫ്ഐ പ്രവർത്തിക്കുന്ന ക്യാംപസുകളിൽ മറ്റുള്ളവർ പ്രവർത്തിക്കാൻ പാടില്ല എന്ന ധാർഷ്ട്യം അവർ ഭരിക്കുന്ന കലാലയങ്ങളിൽ നിലനിൽക്കുന്നുണ്ട്. മിക്കവർക്കും ബോധ്യമുള്ള കാര്യമാണിത്. കേരള യൂണിവേഴ്സിറ്റി, മഹാരാരാജാസ് കോളേജ്. മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലെ സ്ഥിതി ഇത് തന്നെയാണ്. മറ്റാരെങ്കിലും കൊടി കെട്ടാനോ തോരണമൊട്ടിക്കാനോ പോസ്റ്റർ ഒട്ടിക്കാനോ പോയാൽ അവരെ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യ നിലപാടാണ് ഇത്തരം ഒരു സംഭവത്തിൽ വരെ എത്തിയത്. ഇന്ന് കോളേജിൽ പ്രവേശനോത്സവമായിരുന്നു.
അതിന്റെ ഭാഗമായി ഇന്നലെ കൊടികൾ കെട്ടാനും തോരണങ്ങൾ ഒട്ടിക്കാനും ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഒട്ടിച്ച പോസ്റ്ററിന്റെ മുകളിലും ചുവരെഴുത്തുകൾക്ക് മുകളിലും എസ്എഫ് ഐക്കാർ കരിഓയിൽ ഒഴിച്ചും അവരുടെ പേരെഴുതിയുമാണ് പ്രതികരിച്ചത്.അപ്പോഴുണ്ടായ വാക്കു തർക്കമാണ് ഇങ്ങനെയൊരു ദാരുണ സംഭവത്തിൽ കലാശിച്ചത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വരണമെന്നും റാഷിദ് പറഞ്ഞു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന പോസ്റ്റർ ഒട്ടിക്കലിൽ വാക്കുതർക്കമുണ്ടായതാണ് കൊലയിലെത്തിയതെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളും പരിക്കേറ്റ് ആശുപത്രിയിലാണ്. അതിലൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. അഭിമന്യൂവിന്റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലില്‍ നിന്നും വട്ടവടയെന്ന കുടിയേറ്റ ഗ്രാമം ഇനിയും മുക്തമായിട്ടില്ല. കേരളാ – തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യുവിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
Post Your Comments