Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പറഞ്ഞത് മുഴുവന്‍ നുണ, ആഷിഖ് അബുവിനെതിരെ തെളിവുകളുമായി ഫെഫ്ക

സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ഫെഫ്ക്ക. അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നുവെന്ന തീരുമാനത്തിനെതിരെ ആഷിഖ് അബുവും പ്രതിഷേധം അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് ആഷിഖ് അബു നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക്ക തെളിവ് നിരത്ത് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഫെഫ്കയുടെ പ്രതികരണം വന്നതോടെ സംഭവം വലിച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഫെഫ്കയുടെ കുറിപ്പ്

പ്രിയ ആഷിക്ക് അബു,

സംഘടനയുടെ കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റി ആറുമാസം കഴിഞ്ഞിട്ടും മറുപടി തരാത്ത താങ്കള്‍ ഫെഫ്കക്കയുടെ തുറന്ന കത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി തന്നു എന്നതില്‍ തന്നെ താങ്കള്‍ക്ക് സംഘടനയോടുള്ള സമീപനം വ്യക്തമാണ്. പക്ഷെ, അപ്പോഴും താങ്കള്‍ ചെയ്യുന്നത് നുണകള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമാണ്.

നുണ 1: സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശ വിഹിതം വാങ്ങി തന്ന വകയില്‍ താങ്കളോടും തിരക്കഥാകൃത്തുക്കളോടും 20% സര്‍വ്വിസ് ചാര്‍ജ്ജ് ഫെഫ്ക്ക ആവശ്യപ്പെട്ടു.

സത്യം: ഫെഫ്ക്ക ചട്ടപ്പടി താങ്കളോട് ആവശ്യപ്പെട്ടത് 10% മാത്രം. താങ്കള്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

നുണ 2: മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തില്‍ ഫെഫ്ക്ക താങ്കളോട് 20% കമ്മീഷന്‍ വാങ്ങിയെന്നു പറയുന്നു. ഇത് നുണയായിരുന്നു, താങ്കളുടെ ചെക്ക് ഫെഫ്ക്ക താങ്കള്‍ക്ക് തന്നെ മടക്കിയെന്നും ഒരു രൂപ പോലും ഫെഫ്ക്ക താങ്കളോട് വാങ്ങിയിട്ടില്ലെന്നും കഴിഞ്ഞ ദിവസത്തെ മറുപടിയിലൂടെ താങ്കള്‍ സമ്മതിക്കുന്നുണ്ട്. പിന്നെന്തിനായിരുന്നു, അഭിമുഖത്തിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയത്? ഈ വിഷയത്തില്‍ താങ്കള്‍ ആത്മപരിശോധന നടത്തുമെന്ന് കരുതുന്നു.

നുണ 3.
കമ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കള്‍ ശ്രീ. സിബി മലയിലും ശ്രീ.ബി ഉണ്ണിക്കൃഷ്ണനുമായി കലഹിച്ചിരുന്നുവത്രെ!

സത്യം: താങ്കള്‍ ഫെഫ്കയില്‍ അടക്കാനുള്ള 10% എന്ന തുകയെ കുറിച്ചോര്‍മ്മിപ്പിക്കാനായി ഫെഫ്ക ഓഫിസില്‍ നിന്ന് താങ്കളെ വിളിച്ചപ്പോള്‍, താങ്കള്‍ ശ്രീ.സിബി മലയിലിനെ ഫോണില്‍ വിളിച്ച് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. താങ്കള്‍ ഈ ഇനത്തില്‍ കൊടുക്കുന്ന തുക യൂണിയന്‍ ചിലവഴിക്കുന്നത് ജോലിയില്ലാത്ത, വരുമാനമില്ലാത്ത അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷനും ചികിത്സാ-മരണാനന്തര സഹായങ്ങള്‍ക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക്ക ഇടപെട്ട് വാങ്ങിതന്ന തുകയില്‍ നിന്നും ഒരു രൂപാ പോലും പൂര്‍ണ്ണ മനസ്സോടെ താങ്കള്‍ തരാന്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ, താങ്കള്‍ ‘വിഷമിച്ച്’ അയച്ചു തന്ന ചെക്ക് താങ്കള്‍ക്ക് തന്നെ യാതൊരു പരിഭവുമില്ലാതെ യൂണിയന്‍ തിരിച്ചയച്ചു തന്നു. തങ്കളോ, ആ തുക എന്തിനുവേണ്ടിയാണ് ചിലവഴിക്കപ്പെടുക എന്നൊരു വിചാരവുമില്ലാതെ അത് കൈപറ്റുകയും ചെയ്തു.

നുണ 3.
ഫെഫ്ക്ക, ശ്യാം പുഷ്‌ക്കരന്‍ ദിലീഷ് നായര്‍ എന്നീ തിരക്കഥാകൃത്തുക്കളോട് 20% കമ്മീഷന്‍ വാങ്ങിയത്രെ.

സത്യം

തിരക്കഥാകൃത്തുക്കളായ ശ്രീ ശ്യാം പുഷ്‌കരനും ശ്രീ ദിലീഷ് നായര്‍ക്കും അന്യഭാഷാ അവകാശമായി പ്രൊഡ്യൂസറില്‍ നിന്നും ഏറെ നീണ്ട നാളത്തെ ശ്രമഫലമായി ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വീതം രണ്ട് പേര്‍ക്കും ഫെഫ്ക വാങ്ങി കൊടുത്തപ്പോള്‍ ഇരുവരും സ്വമേധയാ സന്തോഷപൂര്‍വ്വം തൊഴിലാളി സംഘടനയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് 5% ആയ മുപ്പത്തി മൂവ്വായിരത്തി എഴുന്നൂറ്റി അമ്പത് രൂപ വീതം അടച്ചു. സമാന സന്ദര്‍ഭങ്ങളില്‍ ഇതുപോലെ പണം നല്‍കി സംഘടനയെ സഹായിച്ച ധാരാളം അംഗങ്ങളുണ്ട്. ശ്രീ. സിദ്ദിഖ്, ശ്രീ.ഉദയകൃഷ്ണന്‍, ശ്രീ കലവൂര്‍ രവികുമാര്‍, ശ്രീ വി കെ പ്രകാശ് തുടങ്ങി ചില പേരുകള്‍ സന്ദര്‍ഭവശാല്‍ സ്മരിക്കുന്നു.

നുണ 4.

ഡാഡി കൂള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സഹസംവിധായകനായിട്ടല്ല സംവിധായകനായിട്ട് തന്നെയാണ് പൊതുസമൂഹവും ചലച്ചിത്ര ലോകവും താങ്കളെ പരിഗണിച്ചത്. പുതുമുഖ സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളിക്ക് അത്രയും തിരിച്ചറിവില്ലെന്നാണോ താങ്കള്‍ കരുതുന്നത്..?

മറ്റൊരു സംഘടന ആ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി ലൊക്കേഷനില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ (ആ സംഘടന ഏതാണെന്ന് താങ്കള്‍ക്കിപ്പോള്‍ 100% ഉറപ്പില്ല? അത് ഒരു സൗകര്യപ്രദമായ മറവിയാണ്..) ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഫെഫ്ക നല്‍കിയ പൂര്‍ണപിന്തുണയും സുരക്ഷയും ഇപ്പോള്‍ അംഗീകരിക്കണമെങ്കില്‍ അന്ന് ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘത്തിന്റെ നേതാവ് സത്യവാങ്മൂലം നല്‍കണമെന്ന താങ്കളുടെ വിചിത്ര വാദം ഈ വിഷയത്തില്‍ താങ്കള്‍ പുലര്‍ത്തുന്ന അസത്യ പ്രചാരണങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ അംഗങ്ങള്‍ രശീതി വാങ്ങി പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വമേധയാ സംഭാവനകള്‍ നല്‍കുന്ന പതിവ് ട്രേഡ് യൂണിയന്‍ ചരിത്രത്തിന്റെ ഭാഗമാണ്. ശരിയായ ദിശക്ക് രാഷ്ട്രീയ ശിക്ഷണം ലഭിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമായി വരില്ല. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവര്‍ത്തിക്കുന്ന ഈ രീതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്.

നുണ 5.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തില്‍, പ്രസ്തുത വിഷയത്തിന്റെ വിശദീകരണത്തിനിടയില്‍, തെന്നിന്ത്യന്‍ സിനിമയിലെ പുരോഗമന ആശയങ്ങളുടെ ശക്തനായ പ്രതിനിധി ചലച്ചിത്ര നടന്‍ ശ്രീ പ്രകാശ് രാജിനെ താങ്കള്‍ വിശേഷിപ്പിച്ചത് ചതിയനും വഞ്ചകനും ആയിട്ടാണ്. എന്നാല്‍, താങ്കള്‍ ഫെഫ്കക്ക് തന്ന പരാതിയില്‍ പ്രകാശ് രാജിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഫെഫ്ക്ക ഒരിക്കല്‍ പോലും ശ്രീ പ്രകാശ് രാജുമായി ഇടപെട്ടിട്ടുമില്ല. ഫെഫ്ക്ക ആശയവിനിമയം നടത്തിയതും താങ്കള്‍ക്ക് പണം വാങ്ങി തന്നതും Lucsam Creations -ല്‍ നിന്നാണ്. പിന്നെന്തിനാണ് ശ്രീ.പ്രകാശ് രാജിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?

ഇങ്ങനെയെല്ലാം പ്രവര്‍ത്തിച്ച താങ്കളെ യൂണിയനില്‍ നിന്ന് അകറ്റി നിറുത്തുകയല്ല ഫെഫ്ക് നേതൃത്വം ചെയ്തത്. പകരം, സംഘടനയെ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങളുമായി അടുത്തിടപെടാനും അതിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും അന്ന് പുതുതായി നിലവില്‍ വന്ന ശ്രീ കമലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ താങ്കള്‍ മുമ്പ് അപമാനിച്ച ശ്രീ.സിബി മലയലിന്റെ നിര്‍ദ്ദേശപ്രകാരം, താങ്കളെ അംഗമാക്കി. പക്ഷെ താങ്കള്‍ കമ്മറ്റികളില്‍ പോലും വരാറില്ലായിരുന്നു. വന്നിരുന്നുവെങ്കില്‍ താങ്കള്‍ ഫെഫ്കക്ക് എതിരെ നിരന്തരം വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുന്നയിക്കുമ്പോള്‍,
ഓരോ മാസവും ഈ സംഘടനയുടെ പെന്‍ഷനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമ പ്രവര്‍ത്തകരുടെയെങ്കിലും ദൈന്യമുഖം മനസ്സില്‍ വന്നേനെ. അങ്ങിനെയുള്ള ഒരുപാട് പേരുടെ ജീവിതത്തിലെ കരുതലും സംഘടനാ ബോധവുമാണ് പ്രിയ അംഗമെ, ഫെഫ്ക എന്ന ഈ തൊഴിലാളി സംഘടന.

ഫെഫ്കയോട് വിയോജിപ്പുള്ളത് കൊണ്ട് വിട്ടുനിന്നു എന്ന് പറയുന്ന താങ്കള്‍ ഒരൊറ്റ വിയോജിപ്പെങ്കിലും എന്നെങ്കിലും ഏതെങ്കിലും കമ്മറ്റിയില്‍ അറിയിച്ചിട്ടുണ്ടോ..?

ഒരു ഫെഫ്ക അംഗം അടക്കേണ്ട വാര്‍ഷിക വരിസംഖ്യ 500 രൂപയാണ് എല്ലാ അംഗങ്ങള്‍ക്കും ഓരോ വര്‍ഷവും മൂവ്വായിരത്തി അഞ്ഞൂറ് രൂപയോളം പ്രിമീയം വരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങളായി സൗജന്യമായി നല്‍കുന്നു, പെന്‍ഷന്‍ പദ്ധതി, അടിയന്തിര ചികിത്സാ സഹായം, കേന്ദ്ര സംസ്ഥാന ക്ഷേമ നിധികളില്‍ അംഗങ്ങളെ ചേര്‍ക്കുവാന്‍ വേണ്ട സഹായങ്ങള്‍, പ്രതിഫല, തൊഴില്‍ തര്‍ക്ക പരിഹാരം, മരണാനന്തരം അംഗങ്ങളുടെ കുടുംബത്തിന് നല്‍കുന്ന ഒരു ലക്ഷം രൂപ തുടങ്ങി ഓരോ മാസവും വന്‍തുക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫെഫ്ക കണ്ടെത്തുന്നത് അംഗങ്ങള്‍ നല്‍കുന്ന മെമ്പര്‍ഷിപ്പ് തുകയില്‍ നിന്നും ലെവിയില്‍ നിന്നുമാണ്.

പ്രശ്‌നം പരിഹരിക്കാന്‍ സംഘടനയെ സമീപിക്കാതെ ഏതെങ്കിലും കൊട്ടേഷന്‍ സംഘത്ത ഏല്‍പ്പിച്ചിരുന്നെങ്കില്‍ കമ്മീഷന്‍ കുറഞ്ഞു കിട്ടിയേനെ എന്ന് കൊട്ടേഷന്‍ സംഘങ്ങളുടെ ശതമാന കണക്ക് ഉദ്ധരിച്ചു കൊണ്ട് മാതൃഭൂമി അഭിമുഖത്തില്‍ താങ്കള്‍ പരിഹസിക്കുന്നുണ്ട്.
ഗുണ്ടകള്‍ക്ക് കൊടുത്താലും തൊഴിലാളി വര്‍ഗ്ഗത്തിന് കിട്ടരുത്, എന്നതാണോ താങ്കളുടെ നിലപാട്?

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ ആദ്യം പുറത്താക്കുന്ന സംഘടന ഫെഫ്കയാണെന്നും, കോടതിയില്‍ ദിലീപ് നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമെ അതില്‍ പുനഃവിചിന്തനം ഉണ്ടാകൂ എന്നും ദൃഢ നിശ്ചയത്തോടെ ഫെഫ്ക പ്രഖ്യാപിച്ചതാണ്. അംഗങ്ങളും പൊതു സമൂഹവും ആ തീരുമാത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുമ്പോള്‍ സംഘടന മൗനം പാലിക്കുന്നുവെന്ന ആരോപണം താങ്കള്‍ ദുരുദ്ദേശത്തോടെ ആവര്‍ത്തിക്കുന്നു. ഫെഫ്ക വേദികളിലും ഫെഫ്ക അംഗങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും ഈ വിഷയത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ആ ഗ്രൂപ്പില്‍ ഉണ്ടായിട്ട് പോലും ഒരു വാക്ക് കൊണ്ട് പോലും എന്തേ താങ്കള്‍ പ്രതികരിക്കാത്തത്? ഇന്ത്യന്‍ ജുഡീഷ്യറിയിലും കേരള സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച്, അതിജീവനത്തിന്റെ പോരാട്ട മുഖമായ ആ പെണ്‍കുട്ടിക്കൊപ്പം പ്രസ്തുത വിഷയത്തിലെ തുടര്‍ നടപടികള്‍ക്കായി ഞങ്ങളും കാത്തിരിക്കുകയാണ്.

ഫെഫ്കയ്‌ക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉയരുമ്പോള്‍ ഞങ്ങള്‍ മറുപടി നല്‍കി സമയം പാഴാക്കാറില്ല. ആ നേരം കൂടി ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണ് ഫെഫ്കയുടെ പ്രവര്‍ത്തന രീതി.

ഇതാ ഇവിടെ ഒരു സംവിധായകന്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു, സിനിമാ സംഘടനകള്‍ കൊണ്ട് എന്ത് കാര്യം.., എവിടെയവര്‍ എന്നൊക്കെ മുറവിളി കൂട്ടി,
അന്തരിച്ച സംവിധായകന്‍ എം കെ മുരളിധരന്റെ ജീവിതം മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ഫെഫ്ക എവിടെയും വിളിച്ചു പറഞ്ഞിട്ടില്ല അദ്ദേഹത്തിന് വര്‍ഷങ്ങളായി ഞങ്ങള്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന സത്യം.

നിപ്പ പനി ബാധിത സമയത്ത് കോഴിക്കോട് പേരാമ്പ്രയിലെ അദ്ദേഹത്തിന്റെ വാടക വീട്ടിലെത്തി ഫെഫ്കയുടെ ഭാരവാഹികള്‍ മരണാനന്തര സഹായമായ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരിട്ട് കൈമാറുമ്പോഴും ആ വിവരം ഞങ്ങള്‍ മാധ്യമങ്ങളില്‍ ആഘോഷിച്ചിട്ടില്ല. ഇതുപോലെ നൂറുകണക്കിന് കാര്യങ്ങള്‍ പറയാനുണ്ടാകും എന്നാല്‍ അതിനു ഞങ്ങള്‍ തയ്യാറല്ല.

കാരണം സംഘടന പ്രവര്‍ത്തനം എന്നത് ഞങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള സൂത്രപ്പണിയല്ല; വ്യാജപ്രതിച്ഛായാ നിര്‍മ്മിതിയുമല്ല. തൊഴിലിനോടും സഹപ്രവര്‍ത്തകരോടും പുലര്‍ത്തുന്ന കരുതലിന്റെയും സ്‌നേഹത്തിന്റെയും കാതലും കരുത്തുമുള്ള തൊഴിലാളി വര്‍ഗ്ഗ സംഘടനാ ബോധമാണ്.

ചലച്ചിത്ര പ്രവര്‍ത്തകരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ഒരു സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഫെഫ്ക്കയുടെ സേവനം സമയബന്ധിതമായി ചലച്ചിത്ര രംഗം ഉപയോഗപ്പെടുത്തുന്നു. ഒപ്പം സഹകരിക്കുന്ന ഇതര സംഘടനകളെ കൂടി ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.

ആഷിക്ക് അബുവിന്റെ തന്നെ ആദ്യ സിനിമയായ ഡാഡികൂളിന്റെ പ്രതിഫലയുമായി ബന്ധപ്പെട്ട് ആ ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടര്‍ അരസകുമാര്‍ FEFSI (തമിഴ് നാട്ടിലെ ചലച്ചിത്ര സംഘടന) വഴി തന്ന പരാതിയും മെസ്സ് കോണ്‍ട്രാക്ടര്‍ ജോമോന്‍ ജോര്‍ജ്, ആര്‍ട്ട് ഡയറക്ടര്‍ സാബു കൊല്ലം, സംവിധായകനായ താങ്കളും, ക്യാമറാമാന്‍ സമീര്‍ താഹിറും, എഡിറ്റര്‍ സാജനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫീര്‍ സേട്ടും പരാതി നല്‍കുകയും അത് ഫെഫ്ക ഇടപെട്ട് പരിഹരിച്ച് നല്‍കുകയുമുണ്ടായി. ഇതിന്റെ രേഖകളെല്ലാം ഫെഫ്കയില്‍ ലഭ്യമാണ്, വര്‍ഷത്തില്‍ 150 ലേറെ സിനിമകള്‍ റിലീസാകുന്ന പുതിയ കാലത്ത് ഫെഫ്ക്കയുടെ ഉത്തരവാദിത്വവും പ്രസക്തിയും ഏറെ വര്‍ദ്ധിക്കുകയാണെന്ന തിരിച്ചറിവും സംഘടനാ ബോധവും ഞങ്ങള്‍ക്കുണ്ട്.

വിമര്‍ശനങ്ങളെയും വിയോജന അഭിപ്രായങ്ങളെയും എക്കാലവും ഫെഫ്ക സ്വാഗതം ചെയ്തിട്ടുണ്ട് . താങ്കളെ നേരിട്ട് കേള്‍ക്കാനും, താങ്കളുടെ സാര്‍ത്ഥകമായ വിമര്‍ശ്ശനങ്ങളാല്‍ തിരുത്തപ്പെടാനും ഞങ്ങള്‍ തയ്യാറാണെന്ന് സൗമ്യമായി ഓര്‍മ്മപ്പെടുത്തി കുറിപ്പ് അവസാനിപ്പിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button