ബെംഗലൂരു: ‘തന്റെ ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അയാള്‍ സമ്മതിച്ചില്ല. താനും മക്കളും ചേര്‍ന്നാണ് പ്രസവമെടുത്തത്. രാപകലില്ലാതെ പണിയെടുത്തിട്ടും പീഢനം മാത്രമായിരുന്നു മിച്ചം’. കനകപുരിയിലെ മറലവാഡി ഗ്രാമത്തിലെ മാടപ്പ എന്ന തോട്ടം തൊഴിലാളി കണ്ണീരോടെ പറയുന്ന വാക്കുകളാണിവ.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയ്ക്കായി ബെംഗലൂരുവിലെ ഇഷ്ടിക കളത്തില്‍ എത്തിയതായിരുന്നു മാടപ്പ. അവിടെ വെച്ച് പരിചയപ്പെട്ട സുഹൃത്താണ് കനകപുരിയിലുള്ള തോട്ടത്തില്‍ ജോലിയുണ്ടെന്നും വര്‍ഷം 60000 രൂപ ശമ്പളമായി ലഭിക്കുമെന്നും അറിയിച്ചത്. ഇതു പ്രകാരം മാടപ്പ തോട്ടമുടമയെ കാണുകയും കരാര്‍ ഒപ്പിടുകയും ചെയ്തു. കുടുംബവുമായി തോട്ടത്തില്‍ താമസിക്കാമെന്നും പറഞ്ഞു. എന്നാല്‍ കുടുംബവുമായി താമസം തുടങ്ങിയ ശേഷം മാടപ്പയ്ക്ക് ഏറെ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്.
ആദ്യ വര്‍ഷം വെറും 20000 രൂപ മാത്രമാണ് നല്‍കിയത്. ജോലിയാണെങ്കില്‍ രാവിലെ 4 മുതല്‍ രാത്രി 7 വരെയും. മാടപ്പ ജോലി ചെയ്യുന്നതിന് പുറമേ ഭാര്യയും ജോലി ചെയ്യണമെന്ന് തോട്ടമുടമ ആവശ്യപ്പെട്ടു. പശുവിനെ കുളിപ്പിക്കുന്നതടക്കമുള്ള ജോലികള്‍ കുട്ടികള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അസുഖം വന്നാല്‍ പോലും പുറത്ത് പോകുവാനുള്ള അനുവാദം തോട്ടമുടമ നല്‍കിയില്ല. ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോകാന്‍ പോലും അയാള്‍ സമ്മതിച്ചില്ല.
താനും മക്കളും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നും പിതാവ് മരിച്ചപ്പോള്‍ കാണാന്‍ പോലും ഇയാള്‍ വിട്ടില്ലെന്നും മാടപ്പ പറയുന്നു. ഇങ്ങനെയിരിക്കെ തോട്ടത്തില്‍ നിന്നും രക്ഷപെട്ട മറ്റ് തൊഴിലാളികള്‍ നല്‍കിയ വിവരം വെച്ച് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ പ്രവര്‍ത്തകര്‍ തോട്ടത്തിലെത്തുകയും മോചിപ്പിക്കുകയുമായിരുന്നു. നാട്ടിലേക്ക് തിരിച്ച് പോകുകയാണെന്നും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നും മാടപ്പയുടെ ഭാര്യ പറയുന്നു. തോട്ടം ഉടമ കുസപ്പയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments