KeralaLatest News

സീനിയർ വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണം: മൂന്നു ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കോട്ടുകാൽ മരുതുർക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ 3 ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്. റാഗിംഗ് ആണെന്നാണ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളുടെ പരാതി. ഒരാളുടെ മുതുകിൽ നീളത്തിലാണ് ബ്ലേഡുകൊണ്ട് വരഞ്ഞിരിക്കുന്നത്. കോളേജിലെ ഡി.ഇ .എൽ.ഇ .ഡി ഒന്നാം വർഷ വിദ്യാർഥികളായ കണ്ണൂർ സ്വദേശി നിധിൻ രാജ് (20), പത്തനംതിട്ട സ്വദേശി സോനു വർമ്മ(18), ഇടുക്കി സ്വദേശി ശരത്ത് മോഹൻ (22) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സോനുവർമ്മയ്ക്കാണ് മുതുകിൽ പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ക്യാന്‍റീനിൽ നില്‍ക്കുന്ന പ്രായമായ സ്ത്രീയോട് ചായ തികഞ്ഞില്ലെന്നാരോപിച്ച് ബി.എഡിന് പഠിക്കുന്ന വിദ്യാർത്ഥിനികൾ മോശമായി സംസാരിക്കുന്നത് കണ്ടു ജൂനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് സംഭവത്തിനാധാരം. പെൺകുട്ടികൾ ഈ വിവരം അവരുടെ സഹപാഠികളായ ആൺകുട്ടികളോട് പറയുകയും ചെയ്തു. ഇതോടെ ജൂനിയർ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് വരുത്തി സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം എന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിൽ നിധിൻ രാജിന് ബോധം നഷ്ടമായി. ഇതിനിടെ അക്രമികൾ ക്യാമ്പസ് വിട്ടിരുന്നു. വിവരം അറിഞ്ഞു നാട്ടുകാർ എത്തിയാണ് 108 ആംബുലൻസിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button