തലയിലൊരു തോർത്തു കെട്ടി റബർ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരൻ വീഡിയോ എടുത്ത് വാട്ട്സാപ്പില്‍ പോസ്റ്റ് ചെയ്തു. അതോടെ രാകേഷിന്റെ ജീവിതം മാറി മറിഞ്ഞു. ആരാണീ ഗായകൻ എന്നായി എല്ലാവരുടെയും അന്വേഷണം. നാലു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആരാണീ പാട്ടുകാരനെന്നായി സോഷ്യൽ മീഡിയ. ആളെ കണ്ടെത്തുകയും ചെയ്തു.
ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങിയപ്പോഴാണ് ചുമ്മാതെ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയ വിവരം രാകേഷ് അറിയുന്നത്. പാട്ട് കേട്ടവരൊക്കെ പിന്നെയും പിന്നെയും കേട്ട് ഷെയർ ചെയ്തു കൊണ്ടേയിരുന്നു. കമൽ ചിത്രമായ വിശ്വരൂപത്തിലെ ‘ഉന്നൈ കാണാതെ നാൻ ഇൻട്രു നാൻ ഇല്ലയേ’ എന്ന പാട്ടാണ് രാകേഷിനെ താരമാക്കിയത്. ശങ്കർ മഹാദേവനും കമൽഹാസനും ചേർന്നാണ് സിനിമയിൽ ഈ പാട്ട് പാടിയിരിക്കുന്നത്.
‘ദാ ഇപ്പോഴും കോളുകൾ വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് തടിപ്പണിയാണ് ജോലി. പണി സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവർപയ്യനാണ് വീഡിയോ എടുത്തത്. അവന്റെ പേര് എനിക്ക് കൃത്യമായി അറിയില്ല. സൈറ്റിലുണ്ടായിരുന്ന ഒരു ചേട്ടന് പാടിക്കൊടുത്ത പാട്ടാണിത്. വാട്ട്സ്ആപ്പിൽ ആ വീഡിയോ കൊടുത്തതും അവനാണ്.’ രാകേഷിനിപ്പോഴും അത്ഭുതം മാറിയിട്ടില്ല.
ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയാണ് രാകേഷ്. പഠിക്കുന്ന സമയത്ത് പാട്ടിന് നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. ശാസ്ത്രീയമായി സംഗീതം പഠിക്കാതെയാണ് രാകേഷ് ഇത്രയും മനോഹരമായി പാടുന്നതെന്ന് അറിയുമ്പോൾ കേൾവിക്കാരുടെ അത്ഭുതം ഇരട്ടിയാകുന്നു. ഇന്ദുലേഖയെ പോലെ രാകേഷിനെയും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments