കൊച്ചി: അമ്മയുടെ അവസാനം നടന്ന യോഗത്തിലാണ് നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ താരത്തെ പുറത്താക്കിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചവര്‍ തിരിച്ചുവരവിനായി ശക്തമായി വാദിച്ചിരുന്നു. നടൻ സിദ്ധിഖ് വളരെ ശക്തമായാണ് ദിലീപിനായി വാദിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ താരത്തെ തിരിച്ചെടുക്കാനും മാത്രം എന്ത് സാഹചര്യമാണ് ഇപ്പോൾ മാറിയതെന്ന് നിരവധി താരങ്ങൾ ആരാഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട കോടതിവിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടത്തിയതിനെ സംശയകരമായാണ് പലരും നോക്കിക്കണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ പുതിയ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ തീരുമാനത്തെക്കുറിച്ചറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് നാല് നടിമാർ രാജി വെക്കുകയും ചെയ്തിരുന്നു. തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് നടിയുള്‍പ്പടെ നാല് പേര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.
ഇതിന് ശേഷമാണ് രേവതിയുടെ നേതൃത്വത്തിലുള്ള വനിതാഅംഗങ്ങള്‍ തീരുമാനം പുന:പരിശോധിക്കുന്നതിനായി വീണ്ടും യോഗം ചേരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയായ ഇടവേള ബാബുവിന് കത്ത് നല്‍കിയത്. വിദേശത്തുനിന്ന് മോഹൻലാൽ തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നും പിന്നീട് ജനറല്‍ ബോഡി യോഗവും നടത്തുമെന്നാണ് ഇടവേള ബാബു അറിയിച്ചിട്ടുള്ളത്.
Post Your Comments