Kerala

പുരുഷാധിപത്യവാഴ്ച അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്; നടിമാര്‍ക്ക് പിന്തുണയുമായി തോമസ് ഐസക്

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്നും വളരെ പ്രസക്തമായ ചോദ്യങ്ങളാണു താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിയ്ക്ക് താരസംഘടനയില്‍ നിന്ന് രാജി വെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെയുണ്ടായി എന്ന് സംഘടന ആത്മപരിശോധന നടത്തണം. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോടു തുറന്നു പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, താരങ്ങളുടെ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.

Also Read : അമ്മയിലെ നടിമാരുടെ രാജി; പ്രതികരണവുമായി കെ.കെ. ഷൈലജ

സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിയ്ക്കു വേണ്ടിയും വലിയ പോരാട്ടങ്ങള്‍ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവര്‍ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നത്. സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തിനു തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണയ്ക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നവോത്ഥാനസമൂഹം പൊറുക്കുകയില്ല.

താരസംഘടന ഒരു ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെയും ഉയര്‍ന്ന നിശിത വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്ത്രീശാക്തീകരണത്തെ പരിഹസിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എങ്ങനെയാണ് ഒരു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുക? ചിന്താശേഷിയുള്ളവരും ഇതൊക്കെ കാണുന്നുണ്ടെന്ന വിചാരം ഇതിന്റെ സംഘാടകര്‍ക്ക് ഇല്ലാതെ പോകുന്നത് കഷ്ടമാണ്.

ഇവിടെ ഞാനാരെയും കുറ്റവിചാരണ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കോടതിയില്‍ ഒരു കുറ്റവിചാരണ നടക്കുന്നുണ്ട്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അക്കാര്യത്തില്‍ വിധി പറയേണ്ടത് കോടതിയാണ്. അതാണ് നമ്മുടെ നിയമവ്യവസ്ഥ. ആ വിധിയ്ക്കു മുമ്പ്, താരസംഘടന എങ്ങനെയാണ് നിരപരാധിയെന്ന മുന്‍വിധിയോടു കൂടി പ്രസ്തുത നടന് അനുകൂലമായ നിലപാടെടുക്കുന്നത്? അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയില്‍ ഈ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം എന്തുകൊണ്ടാണ് താരസംഘടനയെ നയിക്കുന്നവരുടെ പരിഗണനാവിഷയമാകാത്തത്?

ഗുരുതരമായ കുറ്റാരോപണത്തിന് വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആളിന് താരസംഘടനയില്‍ നിന്നു ലഭിക്കുന്ന പിന്തുണയെ സമൂഹത്തിലെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാവൂ. താരസംഘടനയുടെ നേതാക്കള്‍ക്ക് സമൂഹം നല്‍കുന്ന സ്ഥാനത്തിന് അതു ഭൂഷണമല്ല. അതുകൊണ്ട് താരസംഘടനയും നേതാക്കളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികള്‍ക്കെതിരെ താരസംഘടനയില്‍നിന്നുള്ള രാജിയിലൂടെ പ്രതികരിച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിയ്ക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങള്‍. ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാകണം. ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button