International

ഇന്ത്യയ്ക്ക് യു.എസിന്റെ അന്ത്യശാസനം : അനുസരിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് ആഭ്യന്തര മന്ത്രാലയം

വാഷിങ്ടണ്‍ : ഇന്ത്യയ്ക്ക് യു.എസിന്റെ അന്ത്യശാസനം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് യു.എസിന്റെ മുന്നറിയിപ്പുള്ളത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശമുള്ളത്. ഇതു പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണിത്. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്ക ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണു സൂചന.

ഇറാനുമായുള്ള ആണവകരാറില്‍നിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പിന്‍മാറിയതിനു ചുവടുപിടിച്ചാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. കരാറില്‍നിന്നു പിന്‍മാറി 180 ദിവസം പൂര്‍ത്തിയാകുന്ന നവംബര്‍ 4 മുതല്‍ ഇറാനെതിരേ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്ന് യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ജം, ബാങ്കിങ്, വ്യോമയാനം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലുള്ള തങ്ങളുടെ കമ്പനികള്‍ക്ക് ഇളവു നല്‍കണമെന്ന് ഈ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.

അമേരിക്ക നിലപാടു കര്‍ശനമാക്കിയതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടി. ചൊവ്വാഴ്ച ക്രൂഡ് വില മൂന്നു ശതമാനം വര്‍ധിച്ചു. വെനസ്വേലയില്‍ എണ്ണ ഉത്പാദനം കുറയുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണ ദൗര്‍ലഭ്യം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button