ലക്നൗ: മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ്. പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ജൂൺ 20 നാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ തങ്ങൾക്കുണ്ടായ ദുരനുഭവം ദമ്പതികളായ അനസ് സിദ്ദിഖിയും തൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൻവിവാദമായിരുന്നു. തുടർന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് ദമ്പതികൾക്ക് പാസ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ ലക്നൗ പോലീസ് വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ദമ്പതികളുടെ നിലവിലെ മേൽവിലാസം സ്ഥിരമായ മേൽവിലാസം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചു. ഇവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്പോർട്ട് അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ ദമ്പതികൾ കൃതൃമം കാണിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ട് കാരണങ്ങളാണ് ഇതിന് തെളിവായുള്ളത്.
പാസ്പോർട്ട് അപേക്ഷയിൽ തൻവി സേത് എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിവാഹ സർട്ടിഫിക്കേറ്റിലെ പേര് സാദിയ അനസ് എന്നാണ്. പാസ്പോർട്ട് അപേക്ഷയിൽ നൽകിയിരിക്കുന്ന ലക്നൗവിലെ മേൽവിലാസത്തിൽ ദമ്പതികൾ താമസിച്ചിരുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇവരുടെ ഫോണുകളും മേൽവിലാസത്തിലെ ടവർ പരിധിയിൽ കഴിഞ്ഞ ഒരുവർഷമായി ഉപയോഗിച്ചിട്ടില്ല. മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഭർത്താവ് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്ര പറഞ്ഞുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം.
രേഖകളെല്ലാം കൃത്യമായിരുന്നിട്ടും ഉദ്യോഗസ്ഥൻ മനപ്പൂർവ്വം തങ്ങൾക്കെതിരെ നിലപാട് എടുക്കുകയായിരുന്നുവെന്നാണ് ദമ്പതികൾ പറഞ്ഞത്. തങ്ങൾക്കുണ്ടായ ദുരനുഭവം ഇവർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലം മാറ്റുകയായിരുന്നു.
Post Your Comments