മുംബൈ: റോഡിലെ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച സ്‌കൂള്‍ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിൽ സ്‌കൂളില്‍ നിന്ന് കുട്ടികളുമായി തിരികെപ്പോകവേ പ്രകാശ് ബാബു പാട്ടീല്‍ ഓടിച്ച ബസ് റോഡരികിലെ ഓടയില്‍ കുടുങ്ങി. അതിശക്തമായ മഴയില്‍ റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്നായിരുന്നു അപകടം.
വാഹനം എങ്ങനെയും ഓടയില്‍ നിന്ന് കയറ്റാനുള്ള ശ്രമത്തിനിടെ വഴിയിലെ വെള്ളത്തില്‍ കളിക്കാനായി രണ്ട് കുട്ടികള്‍ റോഡിലേക്കിറങ്ങി. ഇവരെ വാഹനത്തിലെത്തിക്കാൻ പ്രകാശ് റോഡിലേക്കിറങ്ങിയപ്പോഴേക്കും കുട്ടികള്‍ റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിയിരുന്നു. ഉടൻ തന്നെ അവരെ രക്ഷിച്ച് കരയ്ക്ക് കയറ്റി സുരക്ഷിതമായി വാഹനത്തിലേക്ക് പറഞ്ഞുവിട്ട ശേഷം തിരികെകയറാനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്കുവെള്ളത്തിനൊപ്പം ഗര്‍ത്തത്തിലേക്ക് പ്രകാശ് മുങ്ങിത്താഴുകയായിരുന്നു.
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ അപകടത്തിലാകുമെന്ന് കണ്ട് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ പ്രകാശ് ഗര്‍ത്തത്തിലേക്കിറങ്ങുകയായിരുന്നെന്നും, അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments