Kerala

3000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതി; നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് ഭൂമി അനുവദിച്ച് ഉത്തരവായി

ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിന് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരത്ത് പളളിപ്പുറം ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്.

Read Also: വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുളള ഗവേഷണവും സാങ്കേതിക വികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കായാണ് ഫ്രാങ്കോ -ജപ്പാന്‍ സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുക. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ -യമുനാ കെട്ടിട സമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐ.ടി.കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേര്‍ക്ക് നേരിട്ടുളള തൊഴില്‍ ലഭ്യമാക്കാനാവും. നേരിട്ടല്ലാതെയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്‌നിറ്റിവ് അനലക്ടിക്‌സ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ടെക്‌നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുകയെന്ന് ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുളള ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കും.

ഐ.ടി വിദഗ്ധരുടെ സാന്നിധ്യം, ചിലവ് കുറവും മികച്ച സാമൂഹിക നിലവാരമുളള ജീവിത സാഹചര്യങ്ങള്‍, നഗര ഹൃദയത്തില്‍ തന്നെയുളള എയര്‍പോര്‍ട്ട് കണക്ടിവിറ്റി, ട്രാഫിക് കുരുക്കില്ലാത്ത ഹരിത നഗരം, ഇവിടെ നിന്നും വളര്‍ന്നു വിജയിച്ച കമ്പനികള്‍ നല്‍കുന്ന പോസിറ്റീവ് സന്ദേശങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുളള പിന്തുണ തുടങ്ങിയവയാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബിനെ തിരുവനന്തപുരത്ത് എത്തിച്ചതെന്നു നിസാന്‍ അധികൃതര്‍ അറിയിച്ചു. ജപ്പാനിലെ യോക്കോഹാമ, ചൈന, പാരീസ്, അമേരിക്ക എന്നിവിടങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റല്‍ ഹബ്ബുകള്‍.

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയസമീപനങ്ങളാണ് നിസാന്‍ എന്ന ബഹുരാഷ്ട്ര കമ്പനിയെ കേരളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് രൂപീകരിച്ച ഹൈ പവര്‍ ഐ.ടി. കമ്മറ്റിയുടെ രൂപീകരണവും അതിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുമാണ് ഈ നേട്ടത്തിനാധാരം. ഇന്‍ഫോസിസ് സഹ സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഐ.ടി. വിദഗ്ധര്‍ അടങ്ങിയ 12 അംഗ സംഘമാണ് ഷൈ പവര്‍ ഐ.ടി കമ്മിറ്റിയിലുളളത്. കമ്മിറ്റിയില്‍ അംഗമായിരുന്ന ആന്റണി തോമസ് 2017 ല്‍ നിസാന്‍ മോട്ടോഴ്‌സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതല ഏറ്റെടുത്തതാണ് നിര്‍ണായകമായത്.

ഏപ്രില്‍ നാലിന് നിസാന്‍ സംഘം ടെക്‌നോസിറ്റി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരുടെ നേതൃത്വത്തില്‍ മറ്റു ഐ.ടി കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിസാനും റെനോള്‍ട്ടും മിറ്റ്‌സുബിഷിയും ചേര്‍ന്ന് 2022 ല്‍ 17 ഇലക്ട്രിക് കാറുകളുടെ മോഡല്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 മില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പനയാണ് ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button