ബംഗളൂരു : കർണാടക സർക്കാരിന്റെ ബജറ്റ് അവതരണം പ്രതിസന്ധിയിൽ. പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പുയർത്തിയതോടെയാണ് സഖ്യത്തെ ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ വഷളായത്. തന്റെ സർക്കാർ ഈ വർഷം ആദ്യം അവതരിപ്പിച്ച ബജറ്റ് മറികടക്കാൻ അനുവദിക്കില്ലെന്നാണ് സിദ്ധരാമയ്യയുടേയും അനുയായികളുടേയും തീരുമാനം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് അവതരണ കാലത്തുള്ള നൂറോളം എം എല്‍ എ മാര്‍ ഇപ്പോളില്ല എന്നതാണ് കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നത്.
പുതിയ എം.എൽ.എ മാർക്ക് പഴയ ബജറ്റിൽ യാതൊരു അറിവുമില്ല. അവരുടെ താത്പര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം പുതിയ ബജറ്റ് അവതരിപ്പിക്കാൻ. താൻ ആരുടേയും കാരുണ്യത്തിൽ മുഖ്യമന്ത്രിയായതല്ല. ആരുടേയും ദയയിലല്ല തുടരുന്നതെന്നും കുമാര സ്വാമി വ്യക്തമാക്കി.ജൂലൈ അഞ്ചിനാണ് കുമാര സ്വാമി സർക്കാർ ബജറ്റ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കർഷകരെ സഹായിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തണം . പഴയ ബജറ്റിൽ തുടർന്നാൽ അത് നടക്കില്ലെന്നും കുമാര സ്വാമി പറഞ്ഞു.
ബജറ്റ് വിഷയത്തിൽ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാൽ പഴയ ബജറ്റ് അതുപോലെ തന്നെ നടക്കട്ടെ , പുതിയതായി എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് ചേർത്താൽ മതിയെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. സിദ്ധരാമയ്യ അനുയായികളോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് അസ്വാരസ്യം മൂർച്ഛിച്ചത്.
‘അവർ പുതിയ ബജറ്റ് അവതരിപ്പിക്കും . എന്നിട്ട് രാഹുൽ ഗാന്ധിയെ പോയി കാണും . പിന്നെ പറയും രാഹുൽ പച്ചക്കൊടി കാണിച്ചിട്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന്. പരമേശ്വരയും പറയും പുതിയ സർക്കാർ വന്നാൽ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് ‘ . എന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.അതേസമയം മുഖ്യമന്ത്രി പദം രാഹുൽ ഗാന്ധിയുടെ കാരുണ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്ന കുമാര സ്വാമിയും നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്.
Post Your Comments