കൊച്ചി: 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാങ്ക് മാനേജറും ഭാര്യയും ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം കുളത്തറ സ്വദേശി കെ.ജയഗോപാലിനെയും ഭാര്യയെയുമാണ് സി.ബി.ഐ സംഘം മുംബൈ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ശാഖയിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളാണ് ഇരുവരും.
സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ 13,36, 153 രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടത്തിയതായാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 2001 മുതല്‍ കാനഡയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ശനിയാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
1998 ലാണ് ഇവരടക്കം നാലുപേര്‍ക്കെതിരെ സി.ബി.ഐ സാമ്ബത്തിക ക്രമക്കേട് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയഗോപാലിനും ഭാര്യക്കും പുറമെ കരമന സ്വദേശി ബി.കൃഷ്ണന്, നെടുമങ്ങാട് സ്വദേശി എസ്.സുരേഷ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സുരേഷും കൃഷ്ണനും നേരത്തേ കേസില്‍ വിചാരണ നേരിട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ 2009 ല്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച ശേഷം സി.ബി.ഐയെ വിവരമറിയിക്കുകയായിരുന്നു.
Post Your Comments