നെന്മാറ : ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്ന പ്രതി സി.പി.എം നേതാക്കള്‍ക്കൊപ്പം സെല്‍ഫിയില്‍. സി.ഐ.ടി.യു. തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പ്രതി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിക്കൊപ്പമെടുത്ത സെല്‍ഫിയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുല്‍ ഒളിവില്‍പ്പോയെന്നാണ് കേസില്‍ അറസ്റ്റുചെയ്യാത്തതിന് കാരണമായി പോലീസ് പറഞ്ഞിരുന്നത്.
ഡി.വൈ.എഫ്.ഐ. അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും, അയിലൂര്‍ ഗ്രാമപ്പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്ററുമായ തെങ്ങുപാടം രാഹുലാണ് കേസിലെ പ്രതി. ഏപ്രില്‍ ഏഴിന് രാത്രി പത്തിന് നെന്മാറ പേഴുംപാറയ്ക്ക് സമീപം സി.ഐ.ടി.യു., തടി ലോഡിങ് തൊഴിലാളിയായ രാജകുമാരനെ മൂന്നംഗസംഘം ആക്രമിച്ച് വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജകുമാരന് 14 മുറിവുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വധശ്രമത്തിനെടുത്ത കേസില്‍ രാഹുല്‍ ഒന്നാംപ്രതിയാണ്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.
രാജകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുപേരെ സാക്ഷി പറയുന്നതില്‍നിന്ന് പിന്മാറണമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് രാജകുമാരന്‍ രാഹുലിനെതിരെ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അയിലൂരില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി നടത്തിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ കൂടെനിന്ന് രാഹുല്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരുവിഭാഗം പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പരിപാടിയ്ക്കിടെ പലരും ചിത്രമെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ അറിയില്ല. ചിത്രമെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോലീസിനുമാത്രമേ പ്രതിയെ അറിയൂ. പോലീസ് കൂടെ ഉണ്ടായിരുന്നുമില്ലെന്നും സി.കെ. രാജേന്ദ്രന്‍, സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.
Post Your Comments