തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശന അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മോദിയെ കാണാന്‍ അനുമതി തേടിയ പിണറായിയുടെ അപേക്ഷ തള്ളിയ നടപടി തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നിയിക്കാനുള്ള അവകാശം സര്‍ക്കാരിനും അതു കേള്‍ക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുമുണ്ടെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചേ തീരൂ എന്നും പ്രധാനമന്ത്രി പറഞ്ഞതുപോലെ ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ കണ്ടു പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Also Read : ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മോദിയും പിണറായിയും, ശേഷം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി
നമുക്കു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കേന്ദ്രത്തിന്റെ നടപടിയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനൊപ്പം രാഷ്ട്രീയം മറന്നു പ്രതിപക്ഷവും കൂടെനില്‍ക്കുമെന്നും ചാണ്ടി പറഞ്ഞു.
Also Read : മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍ നായരെ കേരള പൊലീസിന് കൈമാറി
സര്‍വകക്ഷി സംഘം കാണാന്‍ അനുമതി ചോദിച്ചാല്‍ അതുടന്‍ നല്‍കുന്ന രീതിയാണ് നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ് വരെയുള്ള പ്രധാനമന്ത്രിമാര്‍ സ്വീകരിച്ചിരുന്നതെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിസഭായോഗം പോലും ചേര്‍ന്ന കീഴ്‌വഴക്കം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post Your Comments