കാസര്‍ഗോഡ്: ജില്ലയില്‍ സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പുതുതായി ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അപായച്ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിച്ചത്.
ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനിലെത്തുന്നതിനു 100 മീറ്റര്‍ മുന്‍പാണ് അപായച്ചങ്ങല വലിച്ചത്. പ്ലാറ്റ്ഫോമില്‍ എത്തുന്നതിനു മുന്‍പേ ട്രെയിന്‍ നിന്നു. കാസര്‍കോട്ട് സ്റ്റോപ്പ് ആവശ്യപ്പെട്ടു സമരം നടത്തുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആ സമയത്തു ട്രെയിന്‍ തടയാന്‍ സ്റ്റേഷനിലുണ്ടായിരുന്നു.
അതേസമയം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) എംഎല്‍എക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ എട്ടിനാണു സംഭവം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹ്മാന്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, എ.എം കടവത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടഞ്ഞത്.
നിയമസഭാ സമ്മേളനം കഴിഞ്ഞു തിരുവനന്തപുരത്തു നിന്ന് അന്ത്യോദയ എക്സ്പ്രസില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു എംഎല്‍എ. ട്രെയിന്‍ നിന്ന ശേഷം പ്രവര്‍ത്തകര്‍ ട്രാക്കിലിരുന്നു മുദ്രാവാക്യം വിളിച്ചു. 8.03നു നിന്ന ട്രെയിന്‍ 8.22നാണ് യാത്ര തുടര്‍ന്നത്. ട്രെയിന്‍ തടഞ്ഞു ഗതാഗതം തടസ്സപ്പെടുത്തിയതിനു ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്റഹ്മാന് ഉള്‍പ്പെടെ 10 പേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
Post Your Comments