ബംഗളുരു: ട്രാന്‍സ് ജെന്‍ഡേഴ്‌സിനോട് വിവേചനം അരുതെന്ന് പറയുമ്പോഴും വിവേചനം തുടരുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭിന്നലിംഗക്കാര്‍ വിവിധ തരത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നു.
ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡറിന് വായ്പ നിഷേധിച്ചുവെന്ന് ആരോപണം. കര്‍ണാടക സ്വദേശി അക്കായി പത്മശാലിയെന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്. കര്‍ണാടകയിലെ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന വ്യക്തിയും കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് ജേതാവുമാണ് അക്കായി പത്മശാലി. ചേഞ്ച്.ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വായ്പയ്ക്ക് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും കാരണമൊന്നും വ്യക്തമാക്കാതെ വായ്പ നിഷേധിക്കുകയായിരുന്നെന്ന് അക്കായി വെളിപ്പെടുത്തി. ബംഗളുരുവില്‍ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നാളുകളായി ഇവര്‍ ബാങ്കുകളില്‍ കയറിയിറങ്ങുകയാണ് അക്കായി. പത്ത് ലക്ഷം രൂപ വായ്പയ്ക്കായാണ് അക്കായി ബാങ്കിനെ സമീപിച്ചത്. എന്നാല്‍ വ്യക്തമായ കാരണങ്ങളൊന്നും പറയാതെ വായ്പ നിഷേധിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെ വായ്പയ്ക്ക് അര്‍ഹയല്ല എന്നാണ് ബാങ്ക് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അക്കായി ഇപ്പോള്‍ താമസിക്കുന്ന വാടക വീടിന്റെ കാലാവധി ജൂണ്‍ 28ന് അവസാനിക്കുകയാണ്. ഇത് കഴിഞ്ഞാല്‍ അവരും കുടുംബവും തെരുവിലിറങ്ങേണ്ട സാഹചര്യമാണ്. കര്‍ണാടകയില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്ജെന്‍ഡറാണ് അക്കായി. കര്‍ണാടകയില്‍ ആദ്യമായി വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡറും ഇന്ത്യയില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ ട്രാന്‍സ്ജെന്‍ഡറും അക്കായിയാണ്.
Post Your Comments