കൊൽക്കത്ത: യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതുമൂലം വിമാനത്തിലെ എയർകണ്ടീഷണറിന്റെ തണുപ്പ് കൂട്ടി ജീവനക്കാർ. കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം നാല് മണിക്കൂർ വൈകിയതിനെത്തുടർന്ന് യാത്രക്കാർ പ്രധിഷേധിക്കുകയായിരുന്നു.
എയർ ഏഷ്യ വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറിയതെന്ന് ഇതേ വിമാനത്തിൽ സഞ്ചരിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (പശ്ചിമബംഗാൾ) ദീപങ്കാർ റായി പരാതിപ്പെട്ടു.
രാവിലെ ഒൻപത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 30 മിനുട്ട് വൈകിയാണ് യാത്രതിരിച്ചത്. വിമാനത്തിൽ കയറിയിരുന്നിട്ടും ഒന്നര മണിക്കൂർ പിന്നിട്ടിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനത്തിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റേ പറഞ്ഞു. വീണ്ടും വിമാനം വൈകുമെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ യാത്രക്കാർ ഇറങ്ങാൻ വിസമ്മതിച്ചു. അതോടെ ജീവനക്കാർ എയർകണ്ടീഷണറിന്റെ തണുപ്പ് കൂട്ടിവയ്ക്കുകയായിരുന്നു. തണുപ്പ് വർദ്ധിച്ചതോടെ പലർക്കും ശ്വാസ തടസം ഉണ്ടായി. നിരവധി സ്ത്രീകൾ ഛർദ്ദിക്കാനും കുട്ടികൾ കരയാനും തുടങ്ങി. യാത്രക്കാർ വിമാനത്തിലെ ജീവനക്കാരോട് എയർകണ്ടീഷണർ നിർത്താൻ ആവശ്യപ്പെടുന്ന വീഡിയോ റേ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ഇന്ത്യയിലെ വിമാന കമ്പനികളുടെ പതിവ് രീതിയാണിതെന്നും എയർ ഏഷ്യ വിമാനത്തിൽ ആരും യാത്ര ചെയ്യരുതെന്നും റേ പോസ്റ്റുചെയ്തു. എന്നാൽ യന്ത്രത്തകരാറുമൂലമാണ് വിമാനം വൈകിയതെന്ന് വിമാന കമ്പനി പറഞ്ഞു.
Post Your Comments