തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ ദാസ്യപ്പണിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരികയും മാധ്യമങ്ങളില്‍ അത് ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വെട്ടിലായത് ഡിജിപി ലോക്നാഥ് ബെഹ്റയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വീട്ടിലും ഓഫീസിലുമായി ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം 25ഓളം പേരുണ്ടെന്ന് പൊലീസ് അസോസിയേഷന്റെ ബദല്‍ കണക്കുകള്‍. ഇതിനുപുറമെ ഡി.ജി.പിയുടെ ഭാര്യയെ സഹായിക്കാന്‍ വനിത പൊലീസും ക്യാമ്പ് ഫോളവര്മാരുമുണ്ട്. ഡി.ജി.പി ഓഫിസില്‍ പോയാലും വീട്ടില്‍ ആറുപേര്‍ സ്ഥിരമായി ഉണ്ടാകും.
ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കൂടാതെ ഡിവൈ.എസ്.പി റാങ്കിലുള്ള പത്തോളം പേരുണ്ട്. ഇതിന് പുറമെ ഡ്രൈവര്‍മാര്‍, പേഴ്സണല്‍ സെക്യൂരിറ്റി, പേഴ്സണല്‍ അസിസ്റ്റന്റ് തുടങ്ങി നിരവധിപേര്‍. ഇവരില്‍ ഭൂരിഭാഗവും രേഖപ്രകാരമല്ല ഡി.ജി.പിക്കൊപ്പമുള്ളത്. ഭാര്യ രാവിലെ നടക്കാന്‍ പോകുമ്പോഴും പുറത്തിറങ്ങുമ്പോഴും സഹായത്തിന് രണ്ട് വനിത പൊലീസുകാരുണ്ടാകും. വീട്ടുസഹായത്തിന് ക്യാമ്പ്ഫോളവര്മാരും. എന്നാല്‍, ഡി.ജി.പിയുടെ വീട്ടില്‍ മാന്യമായ പെരുമാറ്റം ലഭിക്കുന്നതിനാല്‍ ആര്‍ക്കും പരാതിയില്ല.
പൊലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവക്കുമുണ്ട് പതിനഞ്ചോളം പൊലീസുകാര്‍. അദ്ദേഹത്തിന്റെ വീട്ടിലും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇത്രയുംപേരെ നിയോഗിച്ചിരിക്കുന്നത്. കേരള പൊലീസ് അസോസിയേഷന്റെ കണക്കനുസരിച്ച് അഞ്ഞൂറിലേറെ പൊലീസുകാര്‍ ജോലിചെയ്യുന്നത് രാഷ്ട്രീയക്കാരുടെ വീടുകളിലാണ്. വിരമിച്ചവരടക്കം ജഡ്ജിമാര്‍ക്കൊപ്പവും നൂറ്റിയമ്പതിലേറെ പൊലീസുകാരുണ്ട്. എം.പിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, ആന്‍േറാ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം രണ്ട് പൊലീസുകാരുള്ളപ്പോള്‍ എ.കെ. ആന്റണിക്കൊപ്പം ആറുപേരുണ്ട്.
വീട്ടില്‍ വിശ്രമിക്കുന്ന പി.പി. തങ്കച്ചനുമുണ്ട് രണ്ട് പോലീസുകാരുടെ സംരക്ഷണം. പലരും വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. ചോദിക്കുന്ന നേതാക്കള്‍ക്കൊക്കെ പൊലീസിനെ നല്‍കേണ്ടിവന്നതോടെ എ, ബി, സി എന്ന സുരക്ഷ കാറ്റഗറി സേനയില്‍ രൂപവത്കരിക്കേണ്ടിവന്നു.
Post Your Comments