Kerala

മരട് അപകടത്തിൽ കാരൾ യാത്രയായത് ഒരുപിടി കുഞ്ഞു മോഹങ്ങൾ ബാക്കി വെച്ച്

കൊച്ചി: കൂട്ടുകാരായ വിദ്യാലക്ഷ്മിയുടെയും ആദിത്യന്റെയും ലോകത്തേക്ക് ജീവനുവേണ്ടി മല്ലടിച്ചു കഴിഞ്ഞ കാരളും അവസാനം യാത്രയായി. മരടിലെ കുളത്തിലെ ചെളിയിലേക്ക് അവള്‍ താണുപോയത് ഒട്ടേറെ കുഞ്ഞുമോഹങ്ങള്‍ ബാക്കിവച്ചാണ്. തന്റെ കുഞ്ഞനുജത്തിയെ ഒരുനോക്ക് കാണാന്‍ കാരള്‍ കൊതിച്ചിരുന്നു. എന്നാല്‍, കുഞ്ഞനുജത്തി ചേച്ചിയുടെ നാട്ടിലെത്തിയപ്പോള്‍ അവള്‍ അവസാന ഉറക്കത്തിലേക്ക് വീണിരുന്നു. അവൾ അമ്മയെയും അച്ഛനെയും കണ്ടിട്ട് ഒന്നര വർഷം കഴിഞ്ഞു. ന്യൂസീലന്‍ഡില്‍ നഴ്സുമാരായി ജോലിചെയ്യുന്ന ജോബി ജോര്‍ജിന്റെയും ജോമയുടെയും മൂത്ത മകളാണ് കാരള്‍ ജോബി ജോര്‍ജ്.

ന്യൂസിലന്‍ഡില്‍ ജനിച്ചുവളര്‍ന്ന കാരള്‍ ന്യൂസിലന്‍ഡ് പൗരയാണ്. ഒന്നരക്കൊല്ലം മുമ്പാണ് കൊച്ചിയിലെത്തിയത്. പിന്നീട് അവള്‍ തന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല. നാലുമാസം മുൻപ് അവള്‍ക്ക് അനുജത്തി പിറന്നു എന്നറിഞ്ഞപ്പോള്‍ കാണണം എന്ന് വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര്‍ മാസം അനുജത്തിയുടെ മാമോദീസ നടത്താന്‍ അച്ഛനും അമ്മയും കുഞ്ഞനുജത്തിയുമായി നാട്ടില്‍ വരുമെന്ന് കേട്ടതോടെ സന്തോഷിച്ച് അവരെ കാത്തിരിക്കുകയായിരുന്നു കാരൾ.

അച്ഛന്‍ ജോബിയുടെ സഹോദരി ആനിയായിരുന്നു, മാതാപിതാക്കള്‍ അടുത്തില്ലാത്ത ബുദ്ധിമുട്ട് അറിയിക്കാതെ കാരളിനെ നാട്ടില്‍ നോക്കിയിരുന്നത്. മറ്റു കുട്ടികളെ പോലെ കാരൾ സംസാരിക്കാതിരുന്നതോടെ കുട്ടിയെ ഭാഷ പഠിക്കാനായി കേരളത്തിലേക്ക് വിടുകയായിരുന്നു. എന്നാൽ കേരളത്തിലെത്തിയ കാരൾ മറ്റുകുട്ടികളെ പോലെ ഒഴുക്കോടെ സംസാരിക്കാൻ തുടങ്ങിയിരുന്നു. മരട് അപകടത്തിൽ പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ അത്യാസന്ന വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു അഞ്ചു വയസ്സുകാരി കാരള്‍.

ശ്വാസകോശത്തില്‍ വെള്ളവും ചെളിയും കയറിയതാണ് ഈ പിഞ്ചുകുഞ്ഞിന്റെ അവസ്ഥ ഗുരുതരമാകാന്‍ കാരണം. മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ അവസാന പ്രതീക്ഷയും പോയിരുന്നു. അപകട വിവരം അറിഞ്ഞ് കാരളിന്റെ മാതാപിതാക്കള്‍ നാട്ടില്‍ എത്തിയിരുന്നു.കാരള്‍ കൂടി പോയതോട അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. വിദ്യാര്‍ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി, ആയ ലത എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മരട് കാട്ടിത്തറ റോഡിലെ തെക്കേടത്ത് കാവിന്റെ കുളത്തിലേക്ക് മരടിലെ കിഡ്സ് വേള്‍ഡ് ഡേ കെയറിന്റെ വാന്‍ മറിഞ്ഞത്.

ആശുപത്രിയിലെത്തിക്കും മുന്‍പ്  വാഹനത്തിലുണ്ടായിരുന്ന ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളും ആയ ലതയും മരിച്ചിരുന്നു. കാരളിനെ ആദ്യം എറണാകുളം വെല്‍കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളവും ചെളിയും നിറഞ്ഞ് ഓക്സിജന്റെ അളവ് പൂര്‍ണമായും കുറഞ്ഞ നിലയിലാണ് കാരളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരം പ്രതികരിക്കാത്തതിനാല്‍ മറ്റ് മരുന്നുകള്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button